GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിസിസി ലക്ഷ്യമാക്കി ഇറാൻ്റെ മിസൈൽ ആക്രമണം;  ഇസ്രായേലിലേക്ക് അയച്ചതിനേക്കാൾ 8 മടങ്ങ് കൂടുതലെന്ന് അൽ ബുദൈവി

ജിദ്ദ – പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ജി.സി.സി രാജ്യങ്ങൾ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും നിലവിലെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം നയതന്ത്രമാണെന്നും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി പറഞ്ഞു. സമാധാനം നിലനിർത്താനായി ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിന് ജി.സി.സി രാജ്യങ്ങൾ വർഷങ്ങളായി തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ട്.

ഗൾഫ് രാജ്യങ്ങൾക്കെരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അസ്വീകാര്യമാണ്. ഇറാൻ്റെ ആക്രമണത്തെ അപലപിക്കുന്ന യു.എൻ രക്ഷാ സമിതി പ്രമേയം ആക്രമണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള അന്താരാഷ്ട്ര സമവായത്തെ പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ തീരുമാനമാണ്. ഇറാനെ ആക്രമിക്കാനുള്ള പ്ലാറ്റ്ഫോം ആയി മാറാൻ തങ്ങൾക്ക് കഴിയില്ലെന്ന് ഗൾഫ് രാജ്യങ്ങൾ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഭൂപ്രദേശങ്ങൾ ഇറാനെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ജി.സി.സി രാജ്യങ്ങൾ ഇറാന് ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിലെ സംഘർഷം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങളെ ഗൾഫ് രാജ്യങ്ങൾ പിന്തുണക്കുന്നു. മേഖലയുടെ ഭാവി ചർച്ചയിലും രാഷ്ട്രീയ പ്രക്രിയയിലുമാണ്. ജലപാതകൾ സംരക്ഷിക്കുന്നത് ഒരു പൊതു അന്താരാഷ്ട്ര ഉത്തരവാദിത്തമാണെന്നും ജാസിം അൽബുദൈവി പറഞ്ഞു.

ആക്രമണങ്ങളുടെ തുടക്കം മുതൽ 850 ലധികം മിസൈലുകളും 2,650 ഡ്രോണുകളും ജി.സി.സി രാജ്യങ്ങൾക്കു നേരെ ഇറാൻ വിക്ഷേപിച്ചിട്ടുണ്ടെന്ന് സമീപകാല സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തടയാനും നശിപ്പിക്കാനും ഗൾഫ് രാജ്യങ്ങളിലെ പ്രതിരോധ സംവിധാനങ്ങൾ അതിവേഗം പ്രതികരിക്കുന്നുണ്ടെങ്കിലും ആളപായവും ഭൗതിക നാശനഷ്ട‌ങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഇറാൻ അവകാശപ്പെടുന്നു. ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന സുപ്രധാനമായ ഹോർമുസ് കടലിടുക്ക്, യുദ്ധത്തിൻ്റെ ആദ്യ ദിവസം തന്നെ പരമോന്നത നേതാവ് അലി ഖാംനഇയുടെ മരണത്തിന് പ്രതികാരമായി ഇറാൻ അടച്ചു. ഇസ്രായിലിൽ അയച്ചതിനേക്കാൾ ഗൾഫ് രാജ്യങ്ങൾക്കെതിരെ എട്ട് മടങ്ങ് കൂടുതൽ മിസൈലുകളും ഡ്രോണുകളും ഇറാൻ വിക്ഷേപിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. ഗൾഫ് രാജ്യങ്ങൾക്കും ജോർദാനുമെതിരായ ഇറാൻ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ബുധനാഴ്‌ച യു.എൻ രക്ഷാ സമിതി പ്രമേയം അംഗീകരിച്ചു. പതിനഞ്ച് അംഗരാജ്യങ്ങളിൽ പതിമൂന്ന് എണ്ണം പ്രമേയത്തെ അനുകൂലിച്ചു. റഷ്യയും ചൈനയും വിട്ടുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!