ജനീവ – മിഡിൽ ഈസ്റ്റ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇറാനിൽ 32
ലക്ഷം ആളുകൾ പലായനം ചെയ്‌തതായി യു.എൻ അഭയാർഥി ഏജൻസി. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം, നിലവിലുള്ള സംഘർഷത്തിന്റെ ഫലമായി ആറു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയിൽ ഇറാൻ കുടുംബങ്ങൾ ഇപ്പോൾ ഇറാനിൽ താൽക്കാലികമായി കുടിയിറക്കപ്പെട്ടിട്ടുണ്ടെന്ന് യു.എൻ അഭയാർഥി ഏജൻസി എമർജൻസി സഹായ സംഘത്തിൻ്റെ തലവനും മിഡിൽ ഈസ്റ്റ് അടിയന്തിരാവസ്ഥക്കുള്ള അഭയാർഥി പ്രതികരണ കോർഡിനേറ്ററുമായ അയകി ഇറ്റോ പറഞ്ഞു. ഇത്രയും കുടുംബങ്ങളിലെ 32 ലക്ഷത്തോളം ആളുകൾ കുടിയിറക്കപ്പെട്ടിട്ടുണ്ട്. യുദ്ധം തുടരുന്നതിനനുസരിച്ച് ഈ കണക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇത് മാനുഷിക ആവശ്യങ്ങളിൽ ആശങ്കാജനകമായ വർധനവിനെ സൂചിപ്പിക്കുന്നുവെന്ന് അയകി ഇറ്റോ പ്രസ്‌താവനയിൽ മുന്നറിയിപ്പ് നൽകി.
കുടിയിറക്കപ്പെട്ടവരിൽ ഭൂരിഭാഗവും തെഹ്റാനിൽ നിന്നും മറ്റ് പ്രധാന നഗരപ്രദേശങ്ങളിൽ നിന്നും സുരക്ഷ തേടി രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്കും ഗ്രാമപ്രദേശങ്ങളിലേക്കുമാണ് പലായനം ചെയ്‌തത്. രാജ്യത്ത് താമസിക്കുന്ന അഭയാർഥി കുടുംബങ്ങളും ദുരിതത്തിലാണ്. അഭയാർഥി കുടുംബങ്ങളിൽ ഭൂരിഭാഗവും അഫ്ഗാൻ വംശജരാണ്. ഇതിനകം തന്നെ അപകടകരമായ സാഹചര്യവും പരിമിതമായ പിന്തുണാ ശൃംഖലകളും കണക്കിലെടുക്കുമ്പോൾ അവർ പ്രത്യേകിച്ച് ദുർബലരാണെന്ന് ഏജൻസി വ്യക്തമാക്കി. വർധിച്ചുവരുന്ന ആക്രമണങ്ങളും അവശ്യ സേവനങ്ങളുടെ ദൗർലഭ്യവും കാരണം കുടുംബങ്ങൾ പ്രദേശങ്ങൾ വിട്ടുപോവുകയാണ്. വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസൃതമായി പ്രതികരണം പൊരുത്തപ്പെടുത്താനും ഉയർന്നുവരുന്ന ആവശ്യകതകൾ വിലയിരുത്താനും ജനസംഖ്യാ ചലനങ്ങൾ വർധിക്കുന്നതിനനുസരിച്ച് തയ്യാറെടുപ്പ് ശക്തിപ്പെടുത്താനും ദേശീയ അധികൃതരുമായും പങ്കാളികളുമായും സഹകരിച്ച് ഇറാനിൽ ദീർഘകാലമായി സാന്നിധ്യമുള്ള യു.എൻ അഭയാർഥി ഏജൻസി പ്രവർത്തിക്കുന്നു.
അന്താരാഷ്ട്ര ബാധ്യതകൾക്ക് അനുസൃതമായി, സിവിലിയന്മാരെ സംരക്ഷിക്കാനും മാനുഷിക സഹായങ്ങളുടെ ലഭ്യത നിലനിർത്താനും സുരക്ഷ തേടുന്നവർക്ക് അതിർത്തികൾ തുറന്നിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള അടിയന്തര ആവശ്യകത യു.എൻ അഭയാർഥി ഏജൻസി വ്യക്തമാക്കുന്നതായി അയകി ഇറ്റോ പറഞ്ഞു. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായിലും ആക്രമണങ്ങൾ ഇറാനിൽ ആരംഭിച്ചത്.

















Leave a Reply