GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഹറമൈൻ റെയിൽവേ പ്രതിദിന സർവീസുകളുടെ എണ്ണം140-ൽ അധികമാക്കി വർദ്ധിപ്പിച്ചു

ജിദ്ദ – ഈ വർഷത്തെ റമദാൻ സീസണിനായുള്ള അംഗീകൃത പ്രവർത്തന പദ്ധതിയുടെ ഭാഗമായി, അവസാന പത്തിൽ ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേയിൽ പ്രതിദിന സർവീസുകളുടെ എണ്ണം 140 ലേറെയായി വർധിപ്പിച്ചതായി സൗദി അറേബ്യ റെയിൽവേയ്സ് അറിയിച്ചു. മക്കക്കും മദീനക്കും ഇടയിൽ ഏറ്റവും കൂടുതൽ ഗതാഗതം നടക്കുന്ന ഈ കാലയളവിൽ ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധനവിന് അനുസൃതമായാണ് സർവീസുകളുടെ എണ്ണം ഉയർത്തിയിരിക്കുന്നത്. റമദാൻ സീസൺ പദ്ധതിയിൽ 3,662 സർവീസുകൾ ഉൾപ്പെടുന്നു. ഇവയിൽ 17 ലക്ഷത്തിലധികം സീറ്റുകൾ ലഭിക്കും.

ഹറമൈൻ ഹൈ-സ്‌പീഡ്‌ റെയിൽവേ ദിവസം മുഴുവൻ വഴക്കമുള്ളതും വൈവിധ്യപൂർണ്ണവുമായ ഗതാഗത ഓപ്ഷനുകൾ നൽകുന്നു. തീർഥാടകരുടെ ചലനം സുഗമമാക്കാനും തിരക്കേറിയ സമയങ്ങളിൽ കാത്തിരിപ്പ് സമയം കുറക്കാനും ഇത് സഹായിക്കും. മക്കയെയും മദീനയെയും ജിദ്ദ, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി വഴി ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈ-സ്പ‌ീഡ് റെയിൽവേ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പദ്ധതികളിൽ ഒന്നാണ്. മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗതയിൽ സർവീസ് നടത്തുന്ന ഹറമൈൻ ഹൈ-സ്‌പീഡ്‌ റെയിൽവേ ട്രെയിനുകൾ മക്കക്കും മദീനക്കുമിടയിലെ യാത്രാ സമയം രണ്ട് മണിക്കൂറായി കുറക്കുന്നു. ഉയർന്ന നിലവാരത്തിലുള്ള സുഖസൗകര്യങ്ങൾ, ഇടത്തരം ദൂര യാത്രകൾക്കായി രൂപകൽപ്പന ചെയ്‌ത സീറ്റുകൾ, വിശ്വാസ്യതയും കൃത്യനിഷ്ഠയും വർധിപ്പിക്കുന്ന ആധുനിക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ എന്നിവ ഹറമൈൻ ഹൈ-സ്‌പീഡ് റെയിൽവേയുടെ സവിശേഷതകളാണ്. സ്റ്റേഷനുകൾക്കുള്ളിലെ സംയോജിത സേവന സൗകര്യങ്ങൾ സുഗമവും സുരക്ഷിതവുമായ യാത്രാനുഭവത്തിന് സഹായിക്കുന്നു.

സുരക്ഷയുടെയും സേവന നിലവാരത്തിൻ്റെയും ഉയർന്ന നിലവാരം നിലനിർത്തിക്കൊണ്ട്, സീസണൽ ഡിമാൻഡ് സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് സർവീസുകളുടെ എണ്ണം വർധിപ്പിച്ചതെന്ന് സൗദി അറേബ്യ റെയിൽവേയ്‌സ് വ്യക്തമാക്കി. ഉയർന്ന ഗതാഗത സാന്ദ്രതയുള്ള സീസണിൽ തുടർച്ചയായ കാര്യക്ഷമമായ പ്രകടനം ഉറപ്പാക്കാൻ ഓപ്പറേഷണൽ, ഫീൽഡ് ടീമുകൾ 24 മണിക്കൂറും ജാഗ്രത പാലിക്കുന്നു.

കണക്റ്റിവിറ്റി കാര്യക്ഷമത വർധിപ്പിക്കാനും രാജ്യത്തെ ഗതാഗത സംവിധാനത്തിൻ്റെ ഗുണനിലവാരം ഉയർത്താനും ലക്ഷ്യമിടുന്ന ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് തന്ത്രത്തിന്റെയും വിഷൻ 2030 ന്റെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി, തീർഥാടകരെ സേവിക്കാനും രണ്ട് പുണ്യനഗരങ്ങൾക്കിടയിൽ അവരുടെ ചലനം സുഗമമാക്കാനും സഹായിക്കുന്ന ആധുനികവും വിശ്വസനീയവുമായ ഗതാഗത സംവിധാനം പ്രാപ്തമാക്കുന്നതിൽ സൗദി അറേബ്യ റെയിൽവേയ്‌സ് വഹിക്കുന്ന പങ്കിന്റെ തുടർച്ചയെന്നോണമാണ് ഹറമൈൻ ഹൈ-സ്‌പീഡ് റെയിൽവേയിൽ സർവീസുകൾ വർധിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!