തെഹ്റാൻ: അയൽരാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്തിയതായി ഇറാൻ. പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇറാനെ ആക്രമിച്ചാൽ മാത്രം തിരിച്ചടിക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങൾക്ക് ഗൾഫ് രാജ്യങ്ങളോട് അദ്ദേഹം ക്ഷമചോദിച്ചു. സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ഗൾഫ് രാജ്യങ്ങളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊളോണിയൽ ധാർഷ്ട്യത്തിന് മുന്നിൽ കീഴടങ്ങാൻ ഒരുക്കമല്ലെന്ന് പെസഷ്കിയാൻ പറഞ്ഞു. ഭിന്നതകൾ മാറ്റിവെച്ച് രാജ്യസുരക്ഷക്ക് ജനങ്ങൾ ഒന്നിച്ച് പൊരുതും. പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഇറാനികൾ അവസാനശ്വാസം വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്റാഈലും യുഎസും ചേർന്ന് ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണത്തിന് ഇറാൻ കനത്ത പ്രത്യാക്രമണത്തിലൂടെ മറുപടി നൽകിയിരുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണങ്ങൾ കൂടുതലും. ഇത് മേഖലയെ ആകെ യുദ്ധഭീതിയിലാക്കിയിരുന്നു
അതിനിടെ, ഇറാനിലെ സ്കൂളിന് നേരെ വീണ്ടും ആക്രമണം നടത്തി യു.എസ്-ഇസ്രായേൽ സംയുക്തസേന. തലസ്ഥാനമായ തെഹ്റാനിലെ നിലൗഫറിലാണ് ആക്രമണം നടന്നത്. ഇറാൻ വിദേശകാര്യമന്ത്രാലയം വക്താവ് ഇസ്മായേൽ ബഗായിയാണ് ആക്രമണം നടന്ന വിവരം അറിയിച്ചത്. ഷാഹിദ് ഹമദേനി സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള സ്കൂളിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് നാലാമത്തെ സ്കൂളിന് നേരെയാണ് ഇറാനിൽ ആക്രമണം നടക്കുന്നത്
മിനാബിലെ ഷാർജ തയ്യിബ് ഗേൾസ് സ്കൂളിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്. ആക്രമണത്തിൽ 160 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് മരിച്ചത്.
വ്യാഴാഴ്ച തെഹ്റാന് തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന രണ്ട് സ്കൂളുകളിൽ യു.എസ്-ഇസ്രായേൽ സംയുക്തസേന ആക്രമണം നടത്തി.
ഇതുവരെ ഇറാനിൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 1300 പേരിൽ 186 ആളുകളും കുട്ടികളാണെന്നാണ് യുനിസെഫ് പറയുന്നത്.
















Leave a Reply