ദോഹ-മനാമ- രാജ്യത്തിനെതിരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുകയും പൊതുജനവികാരം ഇളക്കിവിടാൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ ഖത്തറിലും ബഹ്റൈനിലും നിരവധി പേർ അറസ്റ്റിലായി. ഖത്തറിൽ 194 പേരെയും ബഹ്റൈനിൽ നാല് പേരെയുമാണ് ആഭ്യന്തര മന്ത്രാലയങ്ങൾ പിടികൂടിയത്.
ഖത്തറിൽ രാജ്യത്തിനെതിരെയുണ്ടായ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനും കിംവദന്തികൾ പടർത്തിയതിനുമാണ് വിവിധ രാജ്യക്കാരായ 194 പേരെ സാമ്പത്തിക, സൈബർ കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്. ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കങ്ങൾ പങ്കുവെച്ച ഇവർക്കെതിരെ കർശനമായ നിയമ-ഭരണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ബഹ്റൈനിൽ രാജ്യത്തിനെതിരായ ഇറാൻ ആക്രമണത്തോട് അനുഭാവം പ്രകടിപ്പിച്ച് വീഡിയോകൾ പോസ്റ്റ് ചെയ്‌ത നാലു പേരെയാണ് സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഈ പ്രവൃത്തി രാജ്യദ്രോഹമാണെന്നും പൊതുജനങ്ങളിൽ ഭയം പടർത്താനും സുരക്ഷയെ തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
നിലവിലെ സാഹചര്യങ്ങളിൽ വീഡിയോകൾ ചിത്രീകരിക്കുന്നതിനും സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കുവെക്കുന്നതിനും എതിരെ ഇരു രാജ്യങ്ങളും കർശന മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും കിംവദന്തികളിൽ വഞ്ചിതരാകരുതെന്നും ഖത്തർ, ബഹ്റൈൻ ആഭ്യന്തര മന്ത്രാലയങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.















Leave a Reply