GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റമദാനിൽ മസ്‌ജിദുകളിൽ കർശന നിർദേശങ്ങൾ: തറാവീഹ് ദൈർഘ്യം കൂട്ടരുത്, ഇമാമുമാരെയും വിശ്വാസികളെയും ചിത്രീകരിക്കുന്നതിനും വിലക്ക്

ജിദ്ദ – സൗദിയിൽ മസ്‌ജിദുകളിൽ നമസ്‌കാരങ്ങൾക്കിടെ ഇമാമുമാരെയും വിശ്വാസികളെയും വീഡിയോയിൽ പകർത്തുന്നത് നിരോധിച്ചതായും തറാവീഹ്, ഖിയാമുല്ലൈൽ നമസ്‌കാരങ്ങളുടെ ദൈർഘ്യം വർധിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഇസ്‌ലാമിക, ദഅ‌വ, ഗൈഡൻസ് കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു. നമസ്‌കാരത്തിൽ ആത്മാർഥത കാത്തുസൂക്ഷിക്കാനും കാപട്യത്തിലേക്കോ പ്രശംസ തേടുന്നതിലേക്കോ നയിച്ചേക്കാവുന്ന എല്ലാ കാര്യങ്ങളും തടയാനും ലക്ഷ്യമിട്ടുള്ള ഔദ്യോഗിക നിർദേശങ്ങളുടെ ഭാഗമായാണിതെന്ന് മന്ത്രി പറഞ്ഞു. വിശുദ്ധ റമദാനു മുന്നോടിയായി പള്ളികൾ സജ്ജീകരിക്കാനും വിശ്വാസികളെ സേവിക്കാനും ഇഫ്‌താർ സംഘടിപ്പിക്കാനുമുള്ള നിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മസ്‌ജിദുകളിൽ നിരീക്ഷണ കാമ്പെയ്നുകൾ നടത്തും. റമദാനിൽ ഇമാമുമാരും മുഅദ്ദിനുകളും മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ പാലിക്കുകയും തങ്ങളുടെ കടമകൾ മുടങ്ങാതെ നിർവഹിക്കുകയും ഉമ്മുൽഖുറാ കലണ്ടർ അനുസരിച്ച് ബാങ്ക് വിളി സമയങ്ങൾ കർശനമായി പാലിക്കുകയും വേണം. പ്രത്യേകം നിർണയിച്ചതു പ്രകാരമുള്ള ബാങ്ക് വിളി സമയം നേരത്തെയാക്കുകയോ വൈകിപ്പിക്കുകയോ ചെയ്യരുതെന്നും മന്ത്രി കൂട്ടിചേർത്തു.

അംഗീകൃത കലണ്ടർ അനുസരിച്ചാണ് ബാങ്ക് വിളി, നമസ്‌കാര സമയങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. യാതൊരു വ്യതിയാനവും കൂടാതെ അത് കണിശമായി പാലിക്കണം. ഇക്കാര്യത്തിലുള്ള നിയമ ലംഘനങ്ങളിൽ ഒരുവിധ ദാക്ഷിണ്യവും കാണിക്കില്ല. ഫജ്ർ, ഇശാ നമസ്കാരങ്ങളിൽ ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിലെ സമയം 15 മിനിറ്റ് ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിശ്വാസികൾക്ക് കാര്യങ്ങൾ സുഗമമാക്കാനും അവരുടെ സാഹചര്യങ്ങൾ കണക്കിലെടുത്തുമാണിത്. തറാവീഹ്, ഖിയാമുല്ലൈൽ നമസ്‌കാരങ്ങളിൽ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും മടുപ്പിക്കുന്നതും ദൈർഘ്യം വർധിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

മസ്‌ജിദുകളിലെ ക്യാമറകളുടെ ഉപയോഗത്തിൽ, അവയുടെ ഇൻസ്റ്റാളേഷനെ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ പാലിക്കേണ്ടത് പ്രധാനമാണ്. നമസ്കാരത്തിനിടെ ഇമാമിനെയോ വിശ്വാസികളെയോ ചിത്രീകരിക്കാനോ പള്ളിക്ക് പുറത്ത് ദൃശ്യങ്ങൾ പ്രചരിപ്പിക്കാനോ അവ ഉപയോഗിക്കാൻ പാടില്ല. ആരാധനകൾ രേഖപ്പെടുത്താനോ പരസ്യപ്പെടുത്താനോ അല്ല, മറിച്ച്, സുരക്ഷാ, സംഘാടന നിരീക്ഷണത്തിന് വേണ്ടിയാണ് ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സർവ്വശക്തനായ ദൈവത്തിന് വേണ്ടി മാത്രം തങ്ങളുടെ കടമകൾ നിർവഹിക്കാൻ ഇമാമുമാർ പ്രതിജ്ഞാബദ്ധരാണ്. ആരാധനയുടെ ആത്മാർഥതയും നിയമാനുസൃത ലക്ഷ്യങ്ങളും ലംഘിക്കാനും കാപട്യത്തിനും വഴി തുറക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കണമെന്നും ശൈഖ് ഡോ. അബ്‌ദുല്ലത്തീഫ് ആലുശൈഖ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!