GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാൽ ലാഭം നേടി സൗദി ബാങ്കുകൾ

ജിദ്ദ- സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്‌ത പത്ത് സൗദി ബാങ്കുകൾ കഴിഞ്ഞ വർഷം ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാൽ തോതിൽ ലാഭം നേടിയതായി കണക്ക്. 2025 ൽ സൗദി ബാങ്കുകൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം പത്തു ബാങ്കുകൾ ആകെ 9,252 കോടി റിയാൽ ലാഭം കൈവരിച്ചു. ബാങ്കുകളുടെ ശരാശരി പ്രതിദിന ലാഭം 25.348 കോടി റിയാലാണ്. മണിക്കൂറിൽ ശരാശരി 1.056 കോടി റിയാൽ തോതിൽ ബാങ്കുകൾ ലാഭം നേടുന്നത്. 2024 നെ അപേക്ഷിച്ച് 2025 ൽ സൗദി ബാങ്കുകളുടെ ലാഭത്തിൽ 16.17 ശതമാനം വളർച്ച രേഖപ്പെടുത്തി.

ലാഭത്തിന്റെ കാര്യത്തിൽ അൽഅഹ്ലി ബാങ്ക് ഒന്നാമതെത്തി. കഴിഞ്ഞ വർഷം അൽഅഹ്ലി ബാങ്ക് 2,501 കോടി റിയാൽ ലാഭം കൈവരിച്ചു. ബാങ്കുകളുടെ മൊത്തം ലാഭത്തിൻ്റെ 27.03 ശതമാനം അൽഅഹ്‌ലി ബാങ്ക് വിഹിതമാണ്. ലാഭം 18.02 ശതമാനം തോതിൽ വർധിച്ചു. പ്രതിദിനം ശരാശരി 6.853 കോടി റിയാൽ തോതിലാണ് അൽഅഹ്ലി ബാങ്കിന്റെ ലാഭം കൈവരിച്ചത്. രണ്ടാം സ്ഥാനത്ത് അൽറാജ്ഹി ബാങ്കാണ്. 2025 ൽ അൽറാജ്ഹി ബാങ്ക് ലാഭം 2,479 കോടി റിയാലിലെത്തി. സൗദി ബാങ്കുകൾ ആകെ കൈവരിച്ച ലാഭത്തിൻ്റെ 26.8 ശതമാനം അൽറാജ്ഹി ബാങ്ക് വിഹിതമാണ്. അൽറാജ്ഹി ബാങ്കിൻ്റെ പ്രതിദിന ലാഭം 6.792 കോടി റിയാലായിരുന്നു. ബാങ്കിൻ്റെ ലാഭം 25.71 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ലാഭത്തിൽ ഏറ്റവും വലിയ വളർച്ച കൈവരിച്ചത് ഇവരാണ്. അൽഅഹ്ലി ബാങ്കും അൽറാജ്ഹി ബാങ്കും ചേർന്ന് സൗദി ബാങ്കുകളുടെ മൊത്തം ലാഭത്തിൻ്റെ പകുതിയിലധികവും (53.83 ശതമാനം)സ്വന്തമാക്കിയത്.

ലാഭത്തിൽ മൂന്നാം സ്ഥാനത്ത് റിയാദ് ബാങ്ക് ആണ്. കഴിഞ്ഞ വർഷം ബാങ്ക് 1,041 കോടി റിയാൽ ലാഭം കൈവരിച്ചു. സൗദി ബാങ്കുകൾ നേടിയ ആകെ ലാഭത്തിന്റെ 11.25 ശതമാനം റിയാദ് ബാങ്ക് വിഹിതമാണ്. റിയാദ് ബാങ്കിന്റെ ശരാശരി പ്രതിദിന ലാഭം ഏകദേശം 2.852 കോടി റിയാലാണ്. കഴിഞ്ഞ വർഷം ബാങ്കിൻ്റെ ലാഭത്തിൽ 11.68 വളർച്ച രേഖപ്പെടുത്തി. നാലാം സ്ഥാനത്ത് അൽഅവ്വൽ ബാങ്ക് ആണ്. അൽഅവ്വൽ ബാങ്ക് കഴിഞ്ഞ വർഷം 845 കോടി റിയാൽ ലാഭം നേടി. 2025 ൽ സൗദി ബാങ്കുകൾ ആകെ കൈവരിച്ച ലാഭത്തിൻ്റെ 9.14 ശതമാനം അൽഅവ്വൽ ബാങ്ക് വിഹിതമാണ്. ബാങ്കിന്റെ ശരാശരി പ്രതിദിന ലാഭം 2.316 കോടി റിയാലാണ്.ലാഭത്തിന്റെ കാര്യത്തിൽ യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിൽ അൽഇൻമാ ബാങ്ക്, അറബ് നാഷണൽ ബാങ്ക്, സൗദി ഫ്രാൻസി ബാങ്ക്, അൽബിലാദ് ബാങ്ക്, സൗദി ഇൻവെസ്റ്റ്മെൻ്റ് ബാങ്ക്, അൽജസീറ ബാങ്ക് എന്നിവയാണ്. ഈ ആറു ബാങ്കുകൾ ആകെ 2,385 കോടി റിയാൽ ലാഭം നേടി. ഇത് മുഴുവൻ ബാങ്കുകളുടെയും ആകെ ലാഭത്തിൻ്റെ 25.78 ശതമാനമാണ്. ഈ ബാങ്കുകളുടെ പ്രതിദിന ലാഭം ഏകദേശം 6.535 കോടി റിയാലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!