സൗദി അറേബ്യയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ‘നിതാഖാത് മുത്തവ്വർ’ പദ്ധതിയുടെ പുതിയ ഘട്ടം പ്രഖ്യാപിച്ചു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3,40,000 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സ്വദേശികൾക്കായി സൃഷ്‌ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
പദ്ധതിയുടെ പുതിയ ഘട്ടം നിലവിൽ വരുന്നതോടെ സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ നിതാഖാത് നിരക്ക് (സ്വദേശി-വിദേശി അനുപാതം) നിലനിർത്താൻ കൂടുതൽ സ്വദേശികളെ നിയമിക്കേണ്ടി വരും.
ഇത് വരും വർഷങ്ങളിൽ പ്രവാസികൾക്ക് പുതിയ വിസകൾ ലഭിക്കുന്നതിനെയും നിലവിലെ ജോലികളിലെ വിസ പുതുക്കലിനെയും ബാധിക്കാൻ സാധ്യതയുണ്ട്.
ഓരോ സ്ഥാപനവും അവരുടെ നിശ്ചിത ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കിയില്ലെങ്കിൽ ഗ്രീൻ, പ്ലാറ്റിനം കാറ്റഗറികളിൽ നിന്ന് താഴേക്ക് പോകാനും വിദേശി തൊഴിലാളികൾക്കുള്ള സേവനങ്ങൾ തടസ്സപ്പെടാനും കാരണമാകും.
തൊഴിൽ വിപണിയുടെ നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്‌മമായി വിശകലനം ചെയ്ത ശേഷമാണ് ഓരോ മേഖലയിലും സ്വദേശിവൽക്കരണത്തിന്റെ തോത് നിശ്ചയിച്ചിട്ടുള്ളത്.
2021-ൽ ആരംഭിച്ച പരിഷ്കരിച്ച നിതാഖാത് പദ്ധതിയുടെ വിജയകരമായ തുടർച്ചയായാണ് പദ്ധതിയുടെ പുതിയ ഘട്ടം 2026 മുതൽ പ്രാബല്യത്തിൽ വരുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ സ്വകാര്യ മേഖലയുടെ വളർച്ച തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ പഠനങ്ങൾ നടത്തിയിട്ടുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രി എൻജിനീയർ അഹമ്മദ് അൽ-രാജിഹി പറഞ്ഞു.
ഏത് തൊഴിലിലും മികച്ച പ്രകടനം കാഴ്‌ചവെക്കാൻ സൗദി യുവാക്കൾക്ക് സാധിക്കുമെന്ന് മുൻ ഘട്ടങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021-ൽ ആരംഭിച്ച പദ്ധതിയുടെ വിജയകരമായ തുടർച്ചയായാണ് ഈ പുതിയ പരിഷ്കാരം. പ്രവാസികൾക്കും സ്വദേശികൾക്കും തൊഴിൽ വിപണിയിൽ കൂടുതൽ സുസ്ഥിരത ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രാലയം അവകാശപ്പെടുന്നു.
