മനാമ- അറബ് രാജ്യങ്ങളെ അപകീർത്തിപ്പെടുത്തുകയും വ്യാജവാർത്തകൾ
പ്രചരിപ്പിക്കുകയും ചെയ്‌ത കേസിൽ യുവാവിന് ബഹ്റൈൻ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. ആറുമാസം തടവിനു പുറമെ 200 ബഹ്റൈൻ ദിനാർ (ഏകദേശം 45,000 രൂപ) പിഴയും ലോവർ ക്രിമിനൽ കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ ഉടൻ നടപ്പിലാക്കാനും കോടതി ഉത്തരവിട്ടു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അറബ് രാജ്യങ്ങൾക്കെതിരെ തെറ്റായ പ്രസ്‌താവനകൾ നടത്തിയതിനാണ് നടപടി. അറബ് രാജ്യങ്ങൾ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച പ്രതി, സർക്കാരുകൾക്കെതിരെ രംഗത്തുവരാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. ഈ അഭിമുഖം പിന്നീട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സൈബർ ക്രൈം ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്.
പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. അഭിമുഖത്തിലെ പരാമർശങ്ങൾ വിശദമായി പരിശോധിച്ചതായും അഭിഭാഷകന്റെ സാന്നിധ്യത്തിൽ പ്രതിയെ ചോദ്യം ചെയ്തതായും അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അറബ് രാജ്യങ്ങൾക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച യുവാവിന് തടവു ശിക്ഷയും പിഴയും

