മസ്കത്ത്- ഒമാനിൽ വിവാഹത്തിന് മുമ്പുള്ള വൈദ്യപരിശോധന നിർബന്ധമാക്കി ക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ. 2026 ജനുവരി 1 മുതലാണ് 111/2025 എന്ന രാജകീയ ഉത്തരവ് പ്രകാരം പുതിയ നിയമം നടപ്പിലായത്. ഒമാനി പൗരന്മാർ വിവാഹത്തിന് മുൻപ് നിർബന്ധമായും ഈ പരിശോധനയ്ക്ക് വിധേയരാകണം. പാരമ്പര്യമായി പകരുന്ന ജനിതക രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവ നേരത്തെ കണ്ടെത്തുന്നതിനും കുടുംബങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭാവി തലമുറയിലേക്ക് രോഗങ്ങൾ പകരുന്നത് തടയുന്നതിനുമാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
അരിവാൾ രോഗം (Sickle cell disease), തലാസീമിയ തുടങ്ങിയ രക്തസംബന്ധമായ ജനിതക രോഗങ്ങളും വൈറൽ ഹെപ്പറ്റൈറ്റിസ്, സിഫിലിസ്, എച്ച്.ഐ.വി/എയ്‌ഡ്‌സ് തുടങ്ങിയ പകർച്ചവ്യാധികളുമാണ് പരിശോധനയുടെ പരിധിയിൽ വരുന്നത്. ജനിതക രക്തരോഗങ്ങൾ വ്യക്തികൾക്കും കുടുംബങ്ങൾക്കും ആരോഗ്യമേഖലയ്ക്കും വലിയ ബാധ്യതയാണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. സയീദ് ബിൻ ഹരേബ് അൽ ലംകി പറഞ്ഞു.
പരിശോധന നിർബന്ധമാണെങ്കിലും, ഫലം പോസിറ്റീവ് ആയാൽ (രോഗം കണ്ടെത്തിയാൽ) വിവാഹം കഴിക്കാൻ പാടില്ലെന്ന് നിയമമില്ലെന്ന് അധികൃതർ വ്യക്തമാക്കി. മറിച്ച്, ദമ്പതികൾക്ക് തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണ നൽകാനും ഉചിതമായ തീരുമാനമെടുക്കാൻ അവരെ പ്രാപ്തരാക്കാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആവശ്യമായവർക്ക് കൗൺസിലിംഗും ചികിത്സാ സഹായവും മന്ത്രാലയം നൽകും. പരിശോധനയും കൗൺസലിംഗും പൂർത്തിയായ ശേഷം മാത്രമേ വിവാഹത്തിന് മുൻപുള്ള മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് നൽകുകയുള്ളു. സർട്ടിഫിക്കറ്റ് സുപ്രീം ജുഡീഷ്യൽ കൗൺസിലിൻ്റെ നോട്ടറി പബ്ലിക് പ്ലാറ്റ്ഫോമുമായി ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിക്കും. വധുവിനും വരനും ഇലക്ട്രോണിക് പകർപ്പ് ലഭ്യമാകും. എല്ലാ മെഡിക്കൽ വിവരങ്ങളും കർശനമായ സ്വകാര്യത പാലിച്ചായിരിക്കും കൈകാര്യം ചെയ്യുക എന്നും മന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്.

