ദുബൈ കനത്ത മൂടൽമഞ്ഞ് കാരണം ദുബൈയിൽ ഇന്ന് 23 വിമാനങ്ങൾ തിരിച്ചുവിട്ടു. ദുബൈ ഇൻ്റർനാഷണൽ എയർപോർട്ടിലും ഷാർജ ഇൻ്റർനാഷണൽ എയർപോർട്ടിലും വിമാന സർവീസുകൾ ഇന്ന് പുലർച്ചെ തടസ്സപ്പെട്ടു. വിമാനങ്ങളുടെ പുറപ്പെടലുകളും വരവുകളും രണ്ട് മണിക്കൂർ വരെ വൈകി. ദുബൈയുടെയും വടക്കൻ എമിറേറ്റുകളുടെയും ചില ഭാഗങ്ങളിൽ പുലർച്ചെയുണ്ടായ കനത്ത മൂടൽമഞ്ഞാണ് കാലതാമസത്തിന് കാരണമായത്.
വിമാനത്താവളങ്ങളുടെ വെബ്സൈറ്റിലെ ഫ്ളൈറ്റ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, കൊളംബോ, ഓക്ക്ലൻഡ്, ദാറുസ്സലാം, മാലി, ബ്രിസ്ബേൻ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള എമിറേറ്റ്സ് സർവീസുകൾക്ക് കാലതാമസം നേരിട്ടു. മൊംബാസ, ക്രാബി എന്നിവ അടക്കം മറ്റേതാനും സ്ഥലങ്ങളിലേക്കുള്ള ഫ്ളൈ ദുബൈ വിമാനങ്ങളും 30 മിനിറ്റ് മുതൽ ഒരു മണിക്കൂറിലധികം വരെ വൈകി.
ഇന്ന് അതിരാവിലെ ഉണ്ടായ കാലാവസ്ഥ കാരണം ദുബൈ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള 21 വിമാന സർവീസുകളും ദുബൈ വേൾഡ് സെൻട്രൽ എയർപോർട്ടിലേക്കുള്ള (അൽമക്തൂം ഇൻ്റർനാഷണൽ) രണ്ട് വിമാന സർവീസുകളും വഴിതിരിച്ചുവിട്ടതായി ഇരു എയർപോർട്ടുകളും പ്രവർത്തിപ്പിക്കുന്ന ദുബൈ എയർപോർട്ട്സ് പ്രസ്‌താവനയിൽ പറഞ്ഞു.
കനത്ത മൂടൽ മഞ്ഞു കാരണം ദുബായിൽ ഇന്ന് മാത്രം തിരിച്ചുവിട്ടത് 23 വിമാനങ്ങൾ.
