സൻആ- യെമനിൽ മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് യെമൻ പ്രസിഡൻ്റ് ലീഡർഷിപ്പ് കൗൺസിൽ അധ്യക്ഷൻ റഷാദ് അൽ-അലൈമി ഉത്തരവിട്ടു. മൂന്ന് ദിവസത്തേക്ക് എല്ലാ അതിർത്തി കവാടങ്ങളും തുറമുഖങ്ങളും പൂർണ്ണമായി അടച്ചിടാനും ഉത്തരവിട്ടു. തുറമുഖങ്ങളും ആകാശ, കര അതിർത്തികളും അടക്കും.
യുഎഇയുമായി ഉണ്ടായിരുന്ന സംയുക്ത പ്രതിരോധ കരാർ റദ്ദാക്കുകയും, യെമനിലുള്ള മുഴുവൻ സൈനികരും അനുബന്ധ ജീവനക്കാരും 24 മണിക്കൂറിനകം രാജ്യത്ത് നിന്ന് പുറത്തേക്ക് പോകണമെന്നും ഉത്തരവിട്ടു. അന്താരാഷ്ട്രമായി അംഗീകരിക്കപ്പെട്ട യെമൻ സർക്കാർ നിയന്ത്രിക്കുന്ന ഏദനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ “സബാ”യാണ് ഇക്കാര്യം പറഞ്ഞത്. “2025 ഡിസംബർ 30 ചൊവ്വാഴ്‌ച മുതൽ, രാജ്യത്തിൻ്റെ മുഴുവൻ പ്രദേശങ്ങളിലും 90 ദിവസത്തേക്ക് (വിപുലീകരിക്കാവുന്ന) അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്.
ഹദർമൗത്ത്, അൽ-മഹ്റ ഗവർണറേറ്റുകളിലെ എല്ലാ സൈനിക വിഭാഗങ്ങളും സേനകളും, സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന നിയമസഹായ സഖ്യത്തിൻ്റെ (കോയലിഷൻ) നേതൃത്വവുമായി പൂർണ്ണമായ ഏകോപനം പുലർത്തുകയും, യാതൊരു ഏറ്റുമുട്ടലും കൂടാതെ തങ്ങളുടെ അടിസ്ഥാന താവളങ്ങളിലേക്കും ക്യാമ്പുകളിലേക്കും ഉടൻ മടങ്ങുകയും വേണം. എല്ലാ കേന്ദ്രങ്ങളും ‘ദിറാഅ് അൽ-വതൻ’ സേനയ്ക്ക് കൈമാറുകയും വേണം.”
“ഹദർമൗത്ത് അൽ-മഹ്റ ഗവർണർമാർക്ക്, ഗവർണറേറ്റുകളുടെ കാര്യനിർവഹണത്തിനായുള്ള എല്ലാ അധികാരങ്ങളും നൽകാനും തീരുമാനിച്ചു.
സൗദിയുടെ തെക്കൻ അതിർത്തിക്ക് സമീപം സൈനിക പ്രവർത്തനങ്ങൾ നടത്താൻ സതേൺ ട്രാൻസിഷണൽ കൗൺസിലിന്റെ സേനയെ സമ്മർദ്ദത്തിലാക്കാൻ യു.എ.ഇ നടത്തുന്ന നടപടികളെ സൗദി അപലപിച്ചിരുന്നു.
രാജ്യത്തിന്റെ ദേശീയ സുരക്ഷ ഒരു ചുവന്ന വരയാണ്, അതിനെ പ്രതിരോധിക്കാൻ ഞങ്ങൾ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകിയിരുന്നു. യെമനിൽ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് യുഎഇ സ്വീകരിക്കുന്ന നടപടികൾ സഹായകരമല്ലെന്നും സൗദി മുന്നറിയിപ്പ് നൽകിയിരുന്നു.
