തെൽഅവീവ് – ഗാസ മുനമ്പിൽ നിന്നുള്ള ഫലസ്തീനികളെ
സൊമാലിലാൻഡ് സ്വീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ധാരണകളുടെ ഭാഗമായാണ് സൊമാലിലാൻഡ് റിപ്പബ്ലിക്കിനെ സ്വതന്ത്ര, പരമാധികാര രാഷ്ട്രമായി ഇസ്രായിൽ ഔദ്യോഗികമായി അംഗീകരിച്ചതെന്ന് ഇസ്രായിലിലെ ചാനൽ 14 റിപ്പോർട്ട് ചെയ്‌തു. പരസ്‌പരം എംബസികൾ തുറക്കുക, അംബാസഡർമാരെ നിയോഗിക്കുക, നിരവധി മേഖലകളിൽ തന്ത്രപരമായ സഹകരണം ആരംഭിക്കുക എന്നിവയുൾപ്പെടെ ഇരുപക്ഷവും തമ്മിൽ പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് ഈ നീക്കത്തിൽ ഉൾപ്പെടുന്നു.
കൃഷിയും സാങ്കേതികവിദ്യയും അടക്കമുള്ള പ്രധാന മേഖലകളിലെ പങ്കാളിത്തങ്ങളിലൂടെ സൊമാലിലാൻഡുമായുള്ള സഹകരണം ഉടൻ വികസിപ്പിക്കാൻ ഇസ്രായിൽ ഉദ്ദേശിക്കുന്നു. ഇസ്രായിലി വൈദഗ്‌ധ്യം കൈമാറൽ, സംയുക്ത പദ്ധതികൾ നടപ്പാക്കൽ, ആരോഗ്യ മേഖലയെ പിന്തുണക്കൽ, ഇരുപക്ഷവും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടും.
സൊമാലിയയിൽ നിന്ന് വേർപിരിഞ്ഞ സൊമാലിലാൻഡിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യമായി ഇസ്രായിൽ മാറി. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മാതൃക പിന്തുടർന്ന് സൊമാലിലാൻഡിൻ്റെ സ്വാതന്ത്ര്യം അംഗീകരിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സൊമാലിലാൻഡിന്റെ പുതിയ ചരിത്രം ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടം മുതലുള്ളതാണ്. 1960 ൽ സ്വാതന്ത്ര്യം നേടുന്നതുവരെ ഈ പ്രദേശം ബ്രിട്ടീഷ് സംരക്ഷിത പ്രദേശമായിരുന്നു.
പിന്നീട് സൊമാലിയയുമായി ലയിച്ച് സൊമാലിയ റിപ്പബ്ലിക് രൂപീകരിച്ചു. മുൻ സൊമാലിയൻ പ്രസിഡൻ്റ് മുഹമ്മദ് സിയാദ് ബരിയെ അട്ടിമറിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ തകർന്ന് ഏകദേശം മൂന്ന് മാസത്തിന് ശേഷം, 1991 മെയ് 18 ന് ഈ പ്രദേശം സൊമാലിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 2000 ഓഗസ്റ്റിൽ, പ്രാദേശിക അധികാരികൾ അന്തിമ സ്വാതന്ത്ര്യം വ്യവസ്ഥ ചെയ്യുന്ന കരട് ഭരണഘടന അവതരിപ്പിച്ചു. 2001 മെയ് 31ന് ഇതിൽ റഫറണ്ടം നടന്നു. ഇതിൽ പങ്കെടുത്തവരിൽ 97.1 ശതമാനം പേരും അനുകൂലമായി വോട്ട് ചെയ്തു. 2016 ൽ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ 25-ാം വാർഷികം സോമാലിലാൻഡ് ആഘോഷിച്ചു.
ഏദൻ ഉൾക്കടലിൽ ഏകദേശം 740 കിലോമീറ്റർ നീളമുള്ള തീരപ്രദേശം സൊമാലിലാൻഡിനുണ്ട്. ഹോൺ ഓഫ് ആഫ്രിക്കയിൽ (ആഫ്രിക്കൻ കൊമ്പ്) ഇന്ത്യൻ മഹാസമുദ്രത്തിൻ്റെയും ചെങ്കടലിൻ്റെയും സംഗമസ്ഥാനത്ത് തന്ത്രപ്രധാനമായ സ്ഥാനം ഇതിൻ്റെ സവിശേഷതയാണ്. ഇത് ബെർബെറ തുറമുഖത്തെ പ്രാദേശിക, അന്തർദേശീയ അധികാര പോരാട്ടങ്ങളുടെ ഒരു കേന്ദ്രബിന്ദുവാക്കി മാറ്റി.
2017 ലെ കണക്കുകൾ പ്രകാരം സൊമാലിലാൻഡിലെ ജനസംഖ്യ ഏകദേശം 35 ലക്ഷമാണ്. ഭരണപരമായി ആറ് മേഖലകളായി സൊമാലിലാൻഡിനെ തിരിച്ചിരിക്കുന്നു. പ്രസിഡന്റും സർക്കാരും, 82 അംഗങ്ങൾ വീതമുള്ള പ്രതിനിധി സഭയും സെനറ്റും ഉള്ള റിപ്പബ്ലിക്കൻ സംവിധാനത്തിന് കീഴിലാണ് ഈ പ്രദേശം പ്രവർത്തിക്കുന്നത്. സൊമാലി, അറബിക്, ഇംഗ്ലീഷ് എന്നീ മൂന്ന് പ്രധാന ഭാഷകൾ ഇവിടെയുള്ളവർ സംസാരിക്കുന്നു.

