റിയാദ് : സൗദി അറേബ്യയിലെ വ്യാവസായ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ലെവി സ്ഥിരമായി ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനം രാജ്യത്തെ വ്യവസായ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. 2019 മുതൽ താൽക്കാലികമായി നൽകി വന്നിരുന്ന ഈ ഇളവ്, 2025 ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് ഇപ്പോൾ ശാശ്വതമാക്കാൻ തീരുമാനിച്ചത്. ഈ നീക്കം ഫാക്ടറികളിൽ അനാവശ്യ തൊഴിലാളികളുടെ വർധനവിന് കാരണമാകില്ലെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് വ്യക്തമാക്കി. ഓരോ വ്യാവസായിക ലൈസൻസിനും ആവശ്യമായ യഥാർത്ഥ തൊഴിലാളികളുടെ എണ്ണവും ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും മന്ത്രാലയം കൃത്യമായി പരിശോധിക്കുന്നുണ്ട്. സാങ്കേതിക പുരോഗതി ഫാക്ടറികളിലെ സൗദിവൽക്കരണ നിരക്ക് വർധിപ്പിക്കുമെന്നും അത്തരം ഉന്നത തസ്തികകൾ ഏറ്റെടുക്കാൻ സ്വദേശി യുവാക്കൾ പ്രാപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിനായിരത്തോളം വരുന്ന വിദേശ തൊഴിലാളികൾക്ക് പ്രതിമാസം 800 റിയാൽ (വർഷത്തിൽ 9,600 റിയാൽ) തോതിൽ അടച്ചിരുന്ന ലെവി ഒഴിവാക്കുന്നത് വഴി 12,000-ത്തിലധികം ഫാക്ടറികൾക്കാണ് സാമ്പത്തിക ലാഭം ലഭിക്കുന്നത്. നിലവിൽ ഈ മേഖലയിലുള്ള 8.47 ലക്ഷം ജീവനക്കാരിൽ 69 ശതമാനവും വിദേശികളാണ്. ഈ പുതിയ തീരുമാനം ഫാക്ടറികളുടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാനും ആഗോള വിപണിയിൽ സൗദി ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കാനും സഹായിക്കും. ലാഭിക്കപ്പെടുന്ന തുക ഉപയോഗപ്പെടുത്തി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ നടപ്പിലാക്കാൻ വ്യവസായ സ്ഥാപനങ്ങൾക്ക് സാധിക്കും. ഇത് എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാനും ഗുണമേന്മയുള്ള വിദേശ നിക്ഷേപങ്ങളെ ആകർഷിക്കാനും സഹായകമാകും.
സൗദിയിൽ 2014 മുതലാണ് വിദേശ തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തി തുടങ്ങിയത്. ആദ്യഘട്ടത്തിൽ പ്രതിവർഷം 2,400 റിയാൽ ആയിരുന്ന തുക 2020-ഓടെ 9,600 റിയാലായി വർധിപ്പിച്ചിരുന്നു. നിലവിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുറമെ അവരുടെ ആശ്രിതർക്കും (പ്രതിമാസം 400 റിയാൽ), പരിധിയിൽ കൂടുതൽ ഉള്ള ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. എന്നാൽ വ്യാവസായിക മേഖലയ്ക്ക് നൽകിയ ഈ സ്ഥിരം ഇളവ് രാജ്യത്തിന്റെ സുസ്ഥിരമായ വ്യാവസായിക സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
സൗദിയിൽ ലെവി റദ്ദാക്കി…
ഉത്തരവ് സ്വാഗതം ചെയ്തു വ്യവസായ മന്ത്രി

