GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ബഹ്റൈന്‍ ഗോള്‍ഡന്‍ റെസിഡന്‍സി വിസക്ക് ആവശ്യമായ നിക്ഷേപ തുക വെട്ടിക്കുറച്ചു

മനാമ – വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല ഇഖാമ കൂടുതല്‍ പ്രാപ്യമാക്കാനായി രൂപകല്‍പ്പന ചെയ്ത നീക്കത്തിന്റെ ഭാഗമായി ബഹ്റൈന്‍ ഗോള്‍ഡന്‍ റെസിഡന്‍സി വിസക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം വെട്ടിക്കുറച്ചു. ഗോള്‍ഡന്‍ വിസക്ക് യോഗ്യത നേടുന്നതിനുള്ള പ്രോപ്പര്‍ട്ടി നിക്ഷേപ ആവശ്യകതകള്‍ 200,000 ബഹ്‌റൈനി ദീനാറില്‍ (5,30,555 ഡോളര്‍) നിന്ന് 1,30,000 ബഹ്‌റൈനി ദീനാര്‍ (3,45,000 ഡോളര്‍) ആയാണ് കുറച്ചത്. ഗോള്‍ഡന്‍ വിസക്ക് ആവശ്യമായ മിനിമം നിക്ഷേപ പരിധി 35 ശതമാനം തോതിലാണ് കുറച്ചത്.


ആഭ്യന്തര മന്ത്രാലയത്തിലെ നാഷണാലിറ്റി, പാസ്പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. ഗള്‍ഫില്‍ താമസം, ബിസിനസ്സ്, നിക്ഷേപം എന്നിവക്കുള്ള മത്സരാധിഷ്ഠിത കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം വര്‍ധിപ്പിക്കാനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ തീരുമാനം. ഗോള്‍ഡന്‍ വിസ പ്രോഗ്രാമിന്റെ പ്രത്യേകതയും നിലവാരവും നിലനിര്‍ത്തിക്കൊണ്ട് റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിന്റെ കുറഞ്ഞ പരിധി പ്രോപ്പര്‍ട്ടി ഡിമാന്‍ഡിനെ ഉത്തേജിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു.

മേഖലയില്‍ ദീര്‍ഘകാല അവസരങ്ങള്‍ തേടുന്ന നിക്ഷേപകര്‍ക്ക് സുസ്ഥിരവും സ്വാഗതാര്‍ഹവുമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഈ നടപടി തെളിയിക്കുന്നതെന്ന് നാഷണാലിറ്റി, പാസ്പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഖലീഫ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് നിക്ഷേപ പരിധി കുറക്കുന്നത് ഗോള്‍ഡന്‍ വിസ പ്രോഗ്രാമിന്റെ മത്സരശേഷി വര്‍ധിപ്പിക്കുകയും അതിന്റെ നിലവാരവും പ്രത്യേകതയും നിലനിര്‍ത്തുകയും ചെയ്യുമെന്ന് ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഖലീഫ കൂട്ടിച്ചേര്‍ത്തു.

1,30,000 ബഹ്‌റൈനി ദീനാറിന്റെ പ്രോപ്പര്‍ട്ടി നിക്ഷേപകര്‍, ബഹ്റൈനില്‍ അഞ്ച് വര്‍ഷത്തെ സേവനത്തോടെ പ്രതിമാസം കുറഞ്ഞത് 2,000 ദീനാര്‍ വരുമാനം നേടുന്ന പ്രൊഫഷണലുകള്‍, ബഹ്റൈനില്‍ 15 വര്‍ഷത്തെ സേവനവും 2,000 ദീനാറിന് മുകളില്‍ പെന്‍ഷനും ഉള്ള വിരമിച്ചവര്‍, 4,000 ദീനാറില്‍ കൂടുതല്‍ പെന്‍ഷനുള്ള, രാജ്യത്ത് സ്ഥിരതാമസക്കാരല്ലാത്ത വിരമിച്ചവര്‍, സംരംഭകര്‍, ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍, ദേശീയ സമ്പദ്വ്യവസ്ഥക്കോ സമൂഹത്തിനോ സംഭാവന നല്‍കുന്നവര്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസക്ക് അര്‍ഹതയുണ്ട്.

ആജീവനാന്ത ഇഖാമ, തൊഴില്‍ വഴക്കം, രാജ്യത്തേക്ക് പരിധിയില്ലാത്ത പ്രവേശനങ്ങള്‍, കുടുംബ സ്പോണ്‍സര്‍ഷിപ്പ് പ്രിവിലേജുകള്‍, പൂര്‍ണ ബിസിനസ്സ് ഉടമസ്ഥാവകാശം എന്നിവ ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് ആസ്വദിക്കാം. അപേക്ഷകര്‍ സാധുവായ പാസ്പോര്‍ട്ട്, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, താമസ രേഖ എന്നിവ നാഷണാലിറ്റി, പാസ്പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. അപേക്ഷക്ക് 5 ദീനാറും വിസ ഇഷ്യൂ ചെയ്യാന്‍ 300 ദീനാറും ഫീസ് നല്‍കണം. രണ്ടു ഫീസുകളും റീഫണ്ട് ചെയ്യില്ല.പുതിയ മാനദണ്ഡങ്ങള്‍ ബഹ്റൈന്റെ നിക്ഷേപക അടിത്തറ വിശാലമാക്കുക മാത്രമല്ല, രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുകയും ഗള്‍ഫിലെ ദീര്‍ഘകാല താമസ, നിക്ഷേപ കേന്ദ്രമായി ബഹ്‌റൈനെ സ്ഥാപിക്കുകയും ചെയ്യുമെന്ന് വ്യവസായ വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!