സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തു. മക്ക, മദീന, തബൂക്ക്, അസീർ, അൽ-ബാഹ എന്നീ പ്രവിശ്യകളിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് അനുഭവപ്പെടും.

അതേസമയം രാത്രികാലങ്ങളിലും അതിരാവിലെയും കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.
ചൂട് കുറഞ്ഞു തുടങ്ങിയതോടെ സൗദിയിലെ ഉയർന്ന പ്രദേശങ്ങളിൽ താപനില 10 ഡിഗ്രിക്ക് താഴെയെത്തി. അബഹയിലും അൽബഹയിലും യഥാക്രമം 9 ഡിഗ്രിയും, 11 ഡിഗ്രിയുമാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
ചെങ്കടലിലെ ഉപരിതല കാറ്റിന്റെ വേഗം 12 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ എത്താൻ സാധ്യതയുള്ളതിനാൽ വിവിധ ഭാഗങ്ങളിലായി 2 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
