ജിദ്ദ – നഗരത്തിലെ നിയമവിരുദ്ധ കേന്ദ്രത്തില്‍ വ്യാജ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണത്തിലേര്‍പ്പെട്ട പ്രവാസി തൊഴിലാളികളെ വാണിജ്യ മന്ത്രാലയം അറസ്റ്റ് ചെയ്തു. നഗരസഭ, ഭവനകാര്യ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി, ജിദ്ദ പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് നിയമവിരുദ്ധ കേന്ദ്രത്തില്‍ വാണിജ്യ മന്ത്രാലയം റെയ്ഡ് നടത്തിയത്. അനധികൃത സ്ഥാപനം കേന്ദ്രീകരിച്ച് വാണിജ്യ വഞ്ചന നടത്തിയ മൂന്നു പ്രവാസികള്‍ റെയ്ഡിനിടെ അറസ്റ്റിലായി. ഇതില്‍ രണ്ടു പേര് ഏഷ്യന്‍ വംശജരും ഒരാള്‍ അറബ് വംശജനുമാണ്. 1,196 വ്യാജ സ്മാര്‍ട്ട്ഫോണുകളും, ഹെഡ്ഫോണുകള്, ചാര്‍ജറുകള്‍, സ്റ്റിക്കറുകള്‍ തുടങ്ങി 3,22,000 ലേറെ മറ്റ് ഉല്‍പ്പന്നങ്ങളും ഇവരുടെ അടുക്കൽ നിന്നും പിടിച്ചെടുത്തു. റിയാദില്‍ നിന്ന് മന്ത്രാലയം പിടിച്ചെടുത്ത വ്യാജ ഫോണുകളെ കുറിച്ചുള്ള അന്വേഷണത്തില്‍ അവയുടെ ഉറവിടം ജിദ്ദയിലാണെന്ന് കണ്ടെത്തുകയായിരുന്നു.

നിയമപരമായി പ്രാദേശിക വിപണിയിലെ ചൈനീസ് സ്മാര്‍ട്ട്ഫോണുകള്‍ റീപ്രോഗ്രാം ചെയ്ത് രണ്ട് പ്രശസ്ത ബ്രാന്‍ഡുകളുടെ ലോഗോകള്‍ പതിച്ച് പ്രശസ്ത കമ്പനികളുടെ സ്മാര്‍ട്ട്ഫോണുകള്‍ എന്നോണം വില്‍ക്കുകയാണ് സംഘം ചെയ്തിരുന്നത്. വാണിജ്യ മന്ത്രാലയ പരിശോധനാ സംഘങ്ങള്‍ നിയമവിരുദ്ധ കേന്ദ്രം അടച്ചുപൂട്ടി. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
വാണിജ്യ വഞ്ചനകള്‍ തടയാന്‍ വാണിജ്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്നു. സൗദിയില്‍ വാണിജ്യ വഞ്ചനാ കേസ് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘനം നടത്തുന്ന വിദേശ തൊഴിലാളികളെ സൗദിയില്‍ നിന്ന് നാടുകടത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.
