GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യുഎഇ പൗരൻമാർക്ക് ഇനി മുതൽ ഇന്ത്യയിലേക്ക് ഓൺ അറൈവൽ വിസ

യുഎഇ– യുഎഇ പൗരൻമാർക്ക് ഇന്ത്യയിലേക്ക് ഇനി മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ ഒൻപത് വിമാനത്താവളങ്ങളിലാണ് യുഎഇ പൗരന്മാർക്ക് ‘ഓൺ അറൈവൽ വിസ’ സൗകര്യം ഏർപ്പെടുത്തിയത്. ഇതിലൂടെ 60 ദിവസം വരെ ഇന്ത്യയിൽ തങ്ങാൻ യുഎഇ പൗരൻമാർക്ക് അനുമതി ലഭിക്കും.


നേരത്തേ മുൻകൂറായി അപേക്ഷിച്ചാൽ ലഭിക്കുന്ന ഇ-വിസയോ, പേപ്പർവിസയോ കൈവശമുണ്ടെങ്കിൽ മാത്രമാണ് യു.എ.ഇ പൗരൻമാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങൾക്കു പുറമേ, ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണ് പുതിയ സൗകര്യം.

ഇന്ത്യയിൽ ഇറങ്ങിയ ശേഷം ഇന്ത്യൻ വിസ ‘സു–സ്വാഗതം’ മൊബൈൽ ആപ്ലിക്കേഷനിലോ ‘ഇന്ത്യൻ വിസ ഓൺലൈൻ’ വെബ്സൈറ്റിലോ ഫോറം പൂരിപ്പിച്ച് നൽകണം. 2000 രൂപയാണ് വിസാ ഫീസ്. 60 ദിവസം വരെ വിനോദസഞ്ചാരം, സമ്മേളനം, ചികിത്സ, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഇന്ത്യയിൽ തങ്ങാൻ അനുമതി ലഭിക്കും. എന്നാൽ, യുഎഇ സ്വദേശിയുടെ മുത്തച്ഛനോ, മുത്തശ്ശിയോ പാകിസ്താൻ പൗരന്മാരോ, സ്ഥിരതാമസക്കാരോ ആണെങ്കിൽ ഓൺ അറൈവൽ വിസ ലഭിക്കില്ല. അവർ അബൂദബി എംബസി, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് എന്നിവ വഴി പേപ്പർവിസ ലഭിച്ചതിന് ശേഷം മാത്രമേ ഇന്ത്യയിലേക്ക് പുറപ്പെടാൻ പാടുള്ളൂ.

ഇന്ത്യയിലേക്ക് ആദ്യമായി യാത്രചെയ്യുന്ന യു.എ.ഇ പൗരൻമാർ ഓൺ അറൈവൽ വിസക്ക് പകരം ഇ വിസക്ക് അപേക്ഷിക്കുന്നതാണ് അഭികാമ്യമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പിന്നീടുള്ള യാത്രക്ക് ഓൺ അറൈവൽ സൗകര്യം ഉപയോഗിക്കാം. അപേക്ഷകരുടെ പാസ്പോർട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കാലാവധി ഉണ്ടായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!