വാഷിംഗ്ടണ്‍ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ പ്രസിഡന്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസില്‍ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു. 90 വര്‍ഷത്തിലേറെയായി ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ചിരിക്കുന്ന തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ആഴത്തില്‍ വേരൂന്നിയ ചരിത്രപരമായ ബന്ധങ്ങളുടെയും ഭാഗമായാണ് ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവെച്ചത്. ദീര്‍ഘകാല പ്രതിരോധ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്ന നിര്‍ണായക ചുവടുവെപ്പാണിത്. മേഖലയിലെ സമാധാനം, സുരക്ഷ, സമൃദ്ധി എന്നിവയെ പിന്തുണക്കാനുള്ള ഇരുപക്ഷത്തിന്റെയും പങ്കിട്ട പ്രതിബദ്ധതയെ കരാര്‍ പ്രതിഫലിപ്പിക്കുന്നു.

സൗദി അറേബ്യയും അമേരിക്കയും പ്രാദേശിക, അന്തര്‍ദേശീയ വെല്ലുവിളികളെയും ഭീഷണികളെയും നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള സുരക്ഷാ പങ്കാളികളാണെന്ന് കരാര്‍ സ്ഥിരീകരിക്കുന്നു. ഇരു രാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന തുടര്‍ച്ചയായതും സുസ്ഥിരവുമായ പ്രതിരോധ പങ്കാളിത്തത്തിനുള്ള ശക്തമായ ചട്ടക്കൂട് കരാര്‍ സ്ഥാപിക്കുന്നു. സൗദി കിരീടാവകാശിയുടെയും അമേരിക്കന്‍ പ്രസിഡന്റിന്റെയും അധ്യക്ഷതയില്‍ നടന്ന സൗദി-അമേരിക്കന്‍ ഉച്ചകോടിയുടെ സമാപനത്തിലാണ് പ്രതിരോധ സഹകരണ കരാര്‍ അടക്കം ഏതാനും കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചത്. ഉച്ചകോടിയില്‍, സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കാനുള്ള സംയുക്ത ശ്രമങ്ങളും അവലോകനം ചെയ്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ തന്ത്രപരമായ പങ്കാളിത്തം, സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം പ്രയോജനപ്പെടുത്തുന്ന മേഖലയില്‍ സഹകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിനെ കുറിച്ചുള്ള സംയുക്ത പ്രസ്താവന, യുറേനിയം, ലോഹങ്ങള്‍, നിര്‍ണായക ധാതുക്കള്‍ എന്നിവയുടെ വിതരണ ശൃംഖലകള്‍ സുരക്ഷിതമാക്കാനുള്ള പങ്കാളിത്തത്തിനുള്ള തന്ത്രപരമായ ചട്ടക്കൂട്, സൗദി നിക്ഷേപങ്ങള്‍ സുഗമമാക്കാനും ത്വരിതപ്പെടുത്താനുമുള്ള കരാര്‍, സാമ്പത്തിക, ധന പങ്കാളിത്ത ക്രമീകരണങ്ങള്‍, വിദ്യാഭ്യാസ പരിശീലന മേഖലാ സഹകരണം, വാഹന സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നീ മേഖലകളില്‍ പരസ്പര സഹകരണത്തിനുള്ള ധാരണാപത്രങ്ങളും കരാറുകളുമാണ് ഒപ്പുവെച്ചത്.
സൗദി ഊര്‍ജ മന്ത്രിയും സൗദി-അമേരിക്കന്‍ സ്ട്രാറ്റജിക് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലില്‍ സൗദി ഭാഗം ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് അല്‍ഈബാന്‍, വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി, ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍, സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയാന്‍, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ, പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്ത്, ധനമന്ത്രി സ്‌കോട്ട് ബിസെന്റ്, ഊര്‍ജ മന്ത്രി ക്രിസ് റൈറ്റ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സുസി വെല്‍സ്, മിഡില്‍ ഈസ്റ്റിലേക്കുള്ള പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
