ദുബൈ – ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ ദുബൈ 150 എയർബസ് വിമാനങ്ങൾ വാങ്ങാനുള്ള മെഗാ കരാറിൽ ഒപ്പുവെച്ചു. ഫ്ളൈ ദുബൈയുടെ ചെയർമാനും സി.ഇ.ഒയുമായ ശൈഖ് അഹ്‌മദ് ബിൻ സഈദ് അൽമക്തൂമും എയർബസ് കൊമേഴ്‌സ്യൽ എയർക്രാഫ്റ്റ് സി.ഇ.ഒ ക്രിസ്റ്റ്യൻ ഷെററുമാണ് എയർഷോക്കിടെ കരാറിൽ ഒപ്പുവെച്ചത്. ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ എയർബസിന് ഫ്‌ളൈ ദുബൈ ഓർഡർ നൽകുന്നത് ഇതാദ്യമാണ്.

എ320 കുടുംബത്തിന്റെ ഭാഗമായ, എയർബസിൽ നിന്നുള്ള ഏറ്റവും പുതിയതും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ വലിയ സിംഗിൾ-ഐസിൽ വിമാനമാണ് എയർബസ് എ 321 നിയോ. നിലവിൽ ഫ്ളൈ ദുബൈക്കു കമ്പനിക്കു കീഴിലെ മുഴുവൻ വിമാനങ്ങളും ബോയിംഗ് വിമാനങ്ങളാണ്. ബോയിംഗ് 737 മാക്സ് ഡെലിവറികളിലെ കാലതാമസമാണ് ഫ്ളൈ ദുബൈയുടെ ചുവടുമാറ്റത്തിന് പ്രധാന കാരണമെന്ന് കമ്പനി ചെയർമാൻ വ്യക്തമാക്കി.
പുതിയ കരാർ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമിന്റെ വിഷനെ പിന്തുണക്കുകയും ദുബൈ സാമ്പത്തിക അജണ്ട ഡി-33 മായി യോജിക്കുകയും ചെയ്യുന്നതായി ശൈഖ് അഹ്‌മദ് പറഞ്ഞു.
2032 ൽ പൂർത്തിയാകുന്ന ദുബൈ വേൾഡ് സെൻട്രൽ വിപുലീകരണത്തിന്റെ ആദ്യ ഘട്ടത്തിനായി തയാറെടുക്കുമ്പോൾ, ദുബൈയെ വ്യോമയാന കേന്ദ്രമാക്കി മാറ്റുന്നതിൽ ഫ്ളൈ ദുബായ് തുടർന്നും അതിന്റെ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ചരക്കുവിമാനങ്ങൾ ഉൾപ്പെടെ 32 പുതിയ എയർബസ് വിമാനങ്ങൾക്കുള്ള ഓർഡർ ഇത്തിഹാദ് എയർവേയ്‌സ് സ്ഥിരീകരിച്ചു. ഇത് തങ്ങളുടെ വൈഡ്-ബോഡി വിമാനനിരയുടെ പ്രധാന വികാസമാണെന്ന് എയർലൈൻ സിഇഒ അന്റോണാൽഡോ നെവസ് വെളിപ്പെടുത്തി.

