മക്ക– മക്കയിലെ ചേരിപ്രദേശങ്ങളിലെ വികസനത്തിന്റെ ഭാഗമായി18,000ലേറെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതായി മക്ക മേയർ എൻജിനീയർ മുസാഅദ് അൽദാവൂദ് പറഞ്ഞു. ഹജ് കോൺഫറൻസ്, എക്‌സിബിഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരവാസികൾക്കും വിദേശത്തു നിന്നുളള സന്ദർശകർക്കും സേവനം നൽകുന്നതിനായി ആധുനിക നഗര പദ്ധതികൾ ഉപയോഗിച്ച് ചേരിപ്രദശങ്ങൾ മാറ്റിസ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരവികസനത്തിനും മക്കയുടെ യഥാർഥ സ്വത്വം സംരക്ഷിക്കുന്നതിനും ഇടയിൽ ഒരു സന്തുലിതാവസ്ഥ കൈവരിക്കാൻ നഗരസഭ പ്രവർത്തിക്കുന്നുണ്ട്. മക്കയുടെ പുതിയ നഗരത്തിന്റെ രൂപം ഈ വർഷം പ്രഖ്യാപിച്ചു. പുതിയ പദ്ധതികളിൽ ഇത് നടപ്പാക്കാൻ ആരംഭിച്ചിട്ടുണ്ടെന്നും ഇത് നഗരത്തിന്റെ ആധികാരികതയും പവിത്രതയും പ്രകടിപ്പിക്കുന്ന മാതൃകയായി വർത്തിക്കുന്നുവെന്നും മേയർ പറഞ്ഞു.
