ജിദ്ദ – ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഊര്‍ജ, രാസവസ്തു കമ്പനിയായ സൗദി അറാംകൊ ഈ വര്‍ഷം മൂന്നാം പാദത്തില്‍ കൈവരിച്ച ലാഭം ലോകത്തിലെ ഏറ്റവും വലിയ അഞ്ച് എണ്ണ കമ്പനികള്‍ ആകെ നേടിയ ലാഭത്തെക്കാള്‍ കൂടുതല്‍. മൂന്നാം പാദത്തില്‍ അറാംകൊ 28 ബില്യണ്‍ ഡോളര്‍ അറ്റാദായം നേടി. 2024 മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മൂന്നാം പാദത്തില്‍ എണ്ണവില 12 ശതമാനം തോതില്‍ കുറഞ്ഞ് ബാരലിന് 70.1 ഡോളറായത് മുഴുവന്‍ എണ്ണ കമ്പനികളുടെയും വരുമാനത്തെയും ലാഭത്തെയും ബാധിച്ചു. എക്‌സോണ്‍ മൊബില്‍ 7.6 ഉം ഷെല്‍ 5.3 ഉം ടോട്ടല്‍ എനര്‍ജീസ് 4 ഉം ചെവ്‌റോണ്‍ 3.5 ഉം ബ്രിട്ടീഷ് പെട്രോളിയം 2.2 ഉം ബില്യണ്‍ ഡോളറാണ് മൂന്നാം പാദത്തില്‍ ലാഭം നേടിയത്.

മൂന്നാം പാദത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ആറ് എണ്ണ കമ്പനികളുടെ ആകെ ലാഭം 50.5 ബില്യണ്‍ ഡോളറാണ്. ഇതിന്റെ 55 ശതമാനം സൗദി അറാംകൊ വിഹിതമാണ്. ഇത് മറ്റ് അഞ്ച് കമ്പനികളുടെയും സംയോജിത ലാഭത്തിന്റെ ഏകദേശം 1.2 ഇരട്ടിയാണ്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ സകാത്തിനും നികുതിക്കും ശേഷമുള്ള അറാംകൊയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.3 ശതമാനം കുറഞ്ഞ് 101 ബില്യണ്‍ റിയാലായി. എന്നാല്‍ ഇത് വിശകലന വിദഗ്ധരുടെ പ്രതീക്ഷകളേക്കാള്‍ മികച്ചതായിരുന്നു. ക്രൂഡ് ഓയില്‍ വിലയില്‍ ഏകദേശം 12 ശതമാനം ഇടിവ് സംഭവിച്ച് ബാരലിന് 70.1 ഡോളര്‍ ആയെങ്കിലും വില്‍പ്പന അളവ് വര്‍ധിച്ചതും പ്രവര്‍ത്തനച്ചെലവ് കുറഞ്ഞതും അറാംകൊ ലാഭത്തിലെ ഇടിവ് ലഘൂകരിച്ചു. സൗദി അറേബ്യ ഉള്‍പ്പെടുന്ന ഒപെക് പ്ലസ് സഖ്യം കഴിഞ്ഞ ഏപ്രില്‍ മുതല്‍ എണ്ണ ഉല്‍പാദനം ക്രമേണ വര്‍ധിപ്പിക്കാന്‍ തുടങ്ങി. ഈ വര്‍ധനവ് വര്‍ഷാവസാനം വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
