ജിദ്ദ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഈ മാസം 18 ന് വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സൗദി കിരീടാവകാശി നടത്തുന്ന രണ്ടാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം 2018 ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചിരുന്നു.

സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി ഞായറാഴ്ച അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൗദി കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനം വൈറ്റ് ഹൗസ് അറിയിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2025 മെയ് മാസത്തില്‍ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്രയായിരുന്നു ഇത്.
