ജിദ്ദ – സൗദിയില്‍ നിന്ന് സിറിയയിലേക്കുള്ള കാറുകളുടെ പുനര്‍കയറ്റുമതി കുതിച്ചുയരുന്നു. ഈ വര്‍ഷം ആദ്യത്തെ ഏഴ് മാസത്തിനിടെ പുനര്‍കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം ഏകദേശം 1,300 ആയി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വെറും രണ്ട് വാഹനങ്ങള്‍ മാത്രമാണ് സൗദിയില്‍ നിന്ന് സിറിയയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. സിറിയയിലെ നിലവിലെ സാമ്പത്തിക, രാഷ്ട്രീയ സ്ഥിരത കാരണം കാറുകള്‍ക്കുള്ള ആഭ്യന്തര ആവശ്യം വര്‍ധിച്ചതാണ് കയറ്റുമതി വളര്‍ച്ചക്ക് കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു.

സൗദി അറേബ്യയില്‍ താമസിക്കുന്ന സിറിയന്‍ നിക്ഷേപകര്‍ പുനര്‍കയറ്റുമതി ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. പോസിറ്റീവ് സാമ്പത്തിക മാറ്റങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര ബന്ധങ്ങള്‍ പുനഃസ്ഥാപിച്ചതും പ്രയോജനപ്പെടുത്തി സിറിയന്‍ നഗരങ്ങളില്‍ കാര്‍ ഷോറൂം ശാഖകള്‍ തുറക്കാന്‍ സൗദി, സിറിയന്‍ നിക്ഷേപകര്‍ക്ക് വിപുലീകരണ പദ്ധതികളുണ്ട്. അമേരിക്കന്‍ ഭരണകൂടവുമായുള്ള വിപുലമായ ചര്‍ച്ചകളിലൂടെ, സിറിയക്കു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങള്‍ നീക്കുന്നതിലും മേഖലയിലെ സാമ്പത്തിക പങ്കിലേക്ക് സിറിയയുടെ തിരിച്ചുവരവിനെ പിന്തുണക്കുന്നതിലും സൗദി അറേബ്യ പ്രധാന പങ്ക് വഹിച്ചിരുന്നു. റിയാദ് സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധങ്ങള്‍ നീക്കാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നിയന്ത്രണങ്ങള്‍ നീക്കിയതിനെ തുടര്‍ന്ന്, സൗദി അറേബ്യ വേഗത്തില്‍ സിറിയയുമായി കൂടിയാലോചനകള്‍ ആരംഭിക്കുകയും സാമ്പത്തിക സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. റിയാദില്‍ നടന്ന സൗദി, സിറിയ പങ്കാളിത്ത, നിക്ഷേപ ഫോറം, ഈ വര്‍ഷം ആദ്യത്തെ അഞ്ച് മാസങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 90 കോടി റിയാലിലെത്തിയതായി വെളിപ്പെടുത്തി. ദമാസ്‌കസില്‍ നടന്ന സിറിയ-സൗദി നിക്ഷേപ ഫോറത്തില്‍ 24 ബില്യണ്‍ റിയാലിന്റെ 47 കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കുകയും ചെയ്തു. സിറിയക്ക് 16.5 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുടെ ഗ്രാന്റും സൗദി അറേബ്യ പ്രഖ്യാപിച്ചു. ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ സൗദി അറേബ്യയില്‍ നിന്ന് സിറിയയിലേക്ക് 5.1 കോടി റിയാലിന്റെ വാഹനങ്ങള്‍ പുനര്‍കയറ്റുമതി ചെയ്തതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഡാറ്റ വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ സൗദി അറേബ്യ ലോക രാജ്യങ്ങളിലേക്ക് 390 കോടി റിയാല്‍ വിലവരുന്ന 30,000 ലേറെ വാഹനങ്ങള്‍ പുനര്‍കയറ്റുമതി ചെയ്തു. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളിലെ പുരോഗതിയും സൗദി നിക്ഷേപകര്‍ സിറിയയില്‍ തിരിച്ചെത്തിയതും അടക്കമുള്ള സാമ്പത്തികവും തന്ത്രപരവുമായ ഘടകങ്ങളാണ് സൗദി അറേബ്യയില്‍ നിന്ന് സിറിയയിലേക്കുള്ള വാഹന പുനര്‍കയറ്റുമതിയിലെ ഗണ്യമായ വളര്‍ച്ചക്ക് കാരണമെന്ന് ലോജിസ്റ്റിക്‌സ്, ഗതാഗത വിദഗ്ധന്‍ നശ്മി അല്‍ഹര്‍ബി വ്യക്തമാക്കി.
സൗദി അറേബ്യയില്‍ നിന്ന് സിറിയയിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യാനും പുനര്‍കയറ്റുമതി ചെയ്യാനും പ്രധാനമായും സമുദ്ര ഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. ജിദ്ദ ഇസ്‌ലാമിക് തുറമുഖത്ത് നിന്നും ദമാം കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്ത് നിന്നും സിറിയന്‍ തുറമുഖങ്ങളായ ലതാകിയ, ടാര്‍ട്ടസ് എന്നിവിടങ്ങളിലേക്ക് ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നു. ഈ കപ്പലുകള്‍ പലപ്പോഴും തുര്‍ക്കിയിലെയോ ഈജിപ്തിലെയോ തുറമുഖങ്ങള്‍ വഴിയാണ് അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. കാര്യക്ഷമതയും പ്രവര്‍ത്തന ശേഷിയും കാരണം കാറുകള്‍, ഉപകരണങ്ങള്‍, മറ്റ് വിവിധ സാധനങ്ങള്‍ എന്നിവ സൗദിയില്‍ നിന്ന് സിറിയയിലേക്ക് കൊണ്ടുപോകാനുള്ള ഏറ്റവും നല്ല ഓപ്ഷനാണ് ഈ റൂട്ട്. കരമാര്‍ഗമുള്ള കയറ്റുമതി പ്രധാനമായും ജോര്‍ദാന്‍ വഴി നടത്തുന്നു. ട്രക്കുകള്‍ ഉത്തര സൗദിയിലെ അല്‍ഹദീസ-അല്‍ഉമരി അതിര്‍ത്തി ക്രോസിംഗിലൂടെ ജോര്‍ദാനില്‍ കടന്ന് ജോര്‍ദാന്‍-സിറിയന്‍ അതിര്‍ത്തിയിലെ ജാബിര്‍-നസീബ് അതിര്‍ത്തി ക്രോസിംഗ് വഴി സിറിയയില്‍ പ്രവേശിക്കുന്നു. കാറുകള്‍, നിര്‍മ്മാണ സാമഗ്രികള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവ കൊണ്ടുപോകാന്‍ ഈ റൂട്ട് പതിവായി ഉപയോഗിക്കുന്നു.
ഉപയോഗിച്ച കാറുകളുടെ ഇറക്കുമതി നിര്‍ത്താന്‍ ജൂണ്‍ അവസാനില്‍ സിറിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ട്രക്കുകള്‍, പാസഞ്ചര്‍ ബസുകള്‍, ട്രെയിലര്‍ ഹെഡുകള്‍, പൊതുമരാമത്ത് വാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയെ നിബന്ധനകള്‍ക്ക് വിധേയമായി ഇതില്‍ നിന്ന് ഒഴിവാക്കി. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത കാറുകള്‍ ഇറക്കുമതി ചെയ്യാനും അനുമതിയുണ്ട്. വിലക്ക് തീരുമാനം പുറപ്പെടുവിക്കുന്നതിന് മുമ്പ് ഉപയോഗിച്ച കാറുകള്‍ വാങ്ങിയ ഇറക്കുമതിക്കാര്‍ക്ക് ജൂലൈ ആറിനകം ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും അനുവാദമുണ്ടായിരുന്നു.
