റിയാദ്- ഔദ്യോഗിക മുന്നറിയിപ്പുകള്‍ സൂചിപ്പിക്കുന്നതിനുള്ള പരീക്ഷണ സൈറണ്‍ ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് മൊബൈലുകളില്‍ മുഴങ്ങുമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. തബൂക്ക്, റിയാദ്, ദിലം, അല്‍ഖര്‍ജ്, ദര്‍ഇയ, മക്ക പ്രവിശ്യയിലെ ജിദ്ദ, സോല്‍ എന്നിവിടങ്ങളിലാണ് ഉച്ചക്ക് ഒരു മണിക്ക് സൈറണ്‍ മുഴങ്ങുക. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ഔദ്യോഗിക മുന്നറിയിപ്പുകളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണിത്. ഇത് സംബന്ധിച്ച് സിവില്‍ ഡിഫന്‍സ് മൊബൈലുകളിലേക്ക് സന്ദേശങ്ങളയച്ചിരുന്നു.

അപകടം നടക്കുന്നതിന് മുമ്പുള്ള മുന്നറിയിപ്പാണ് ഒരു മണിക്ക് ആദ്യ ഒരു മിനിറ്റില്‍ കേള്‍ക്കുക. ഇത് ഇടവിട്ടുള്ള ടോണ്‍ ആയിരിക്കും. അപകടം നടക്കുമ്പോള്‍ തരംഗ രൂപത്തിലും അപകടം അവസാനിച്ചാല്‍ നിര്‍ത്താതെയുള്ള ടോണുമാണ് പരീക്ഷിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇത് 1:10നും 1:15നുമായിരിക്കും കേള്‍ക്കുക. മൊബൈലുകളില്‍ ഗവണ്‍മെന്റ് അലര്‍ട്ട് ഒപ്ഷന്‍ ഓണ്‍ ആക്കിയാലാണ് സൈറന്‍ കേള്‍ക്കാനാവുക.
