റിയാദ് – റിയാദ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കൂളുകളില്‍ അടുത്ത ഞായറാഴ്ച മുതല്‍ ശൈത്യകാല പ്രവൃത്തി സമയം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതനുസരിച്ച് രാവിലെ 6.45 ന് അസംബ്ലി ആരംഭിക്കുകയും ഏഴു മണിക്ക് ആദ്യ ക്ലാസ് തുടങ്ങുകയും ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം നല്‍കാനും വിദ്യാഭ്യാസ പ്രക്രിയയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ ക്രമീകരണമെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ഇതുവരെ വേനല്‍ക്കാല പ്രവൃത്തി സമയം പ്രകാരം അസംബ്ലി 6.15 നും ആദ്യ ക്ലാസ് 6.30 നുമാണ് ആരംഭിച്ചിരുന്നത്. ഓഗസ്റ്റ് 24 മുതല്‍ ഒക്‌ടോബര്‍ 30 വരെയായിരുന്നു വേനല്‍ക്കാല സ്‌കൂള്‍ സമയം. നവംബര്‍ രണ്ടു മുതല്‍ 2026 ഫെബ്രുവരി 17 വരെ ശൈത്യകാല സ്‌കൂള്‍ സമയം നിലവിലുണ്ടാകും. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് അഞ്ചു വരെ റമദാന്‍ സ്‌കൂള്‍ സമയമാണ് നിലവിലുണ്ടാവുക. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പതിന് ആദ്യ ക്ലാസ് ആരംഭിക്കും. ശേഷിക്കുന്ന അധ്യയന വര്‍ഷ കാലത്ത് വേനല്‍ക്കാല സ്‌കൂള്‍ സമയമാണ് റിയാദില്‍ പ്രാബല്യത്തിലുണ്ടാവുക.

