ജിദ്ദ – ഉംറ വിസ വ്യവസ്ഥയില്‍ ഭേദഗതി വരുത്തി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം . ഇതനുസരിച്ച് വിസ ഇഷ്യു ചെയ്ത് 30 ദിവസത്തിനകം തീര്‍ഥാടകന്‍ സൗദിയില്‍ പ്രവേശിച്ചില്ലെങ്കില്‍ വിസ റദ്ദാക്കപ്പെടും. പുതിയ ഭേദഗതി അടുത്തയാഴ്ചയാണ് പ്രാബല്യത്തില്‍ വരുക. വിസയുടെ സാധുത കാലയളവ് മൂന്ന് മാസത്തില്‍ നിന്നാണ് ഒരു മാസമായി കുറച്ചത്. നിലവില്‍ വിസ ഇഷ്യു ചെയ്ത് മൂന്നു മാസം വരെയുള്ള കാലയളവില്‍ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കും. അടുത്തയാഴ്ച മുതല്‍ ഇത് ഒരു മാസമായി കുറയും. തീര്‍ഥാടകര്‍ സൗദി അറേബ്യയില്‍ എത്തിയതിന് ശേഷമുള്ള താമസത്തിനുള്ള സാധുത കാലയളവ് മൂന്ന് മാസമായി മാറ്റമില്ലാതെ തുടരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

വേനല്‍ക്കാലം അവസാനിക്കുകയും മക്കയിലും മദീനയിലും താപനില കുറയുകയും ചെയ്തതോടെ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്ന വര്‍ധനവ് മുന്‍നിര്‍ത്തിയുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി ഉപദേഷ്ടാവ് അഹ്മദ് ബാജഅയ്ഫര്‍ പറഞ്ഞു. രണ്ട് പുണ്യനഗരങ്ങളിലും ഒരേ സമയം വലിയ തോതില്‍ തീര്‍ഥാടകരുടെ ക്രമാതീതമായ തിരക്ക് കൂടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഉംറ വിസ കാലാവധിയില്‍ ഭേദഗതി വരുത്തിയതെന്നും അഹ്മദ് ബാജഅയ്ഫര്‍ അറിയിച്ചു. ദേശീയ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് അനുവദിച്ച ഉംറ വിസകളുടെ എണ്ണം 40 ലക്ഷം കവിഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്, നിലവിലെ ഉംറ സീസണില്‍ വിദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
2030 ഓടെ പ്രതിവര്‍ഷം വിദേശങ്ങളില്‍ നിന്ന് പുണ്യഭൂമിയിലെത്തുന്ന ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയിലേറെയായി ഉയര്‍ത്താന്‍ വിഷന്‍ 2030 ലക്ഷ്യമിടുന്നുണ്ട്. ബിസിനസ്, വിസിറ്റ് വിസകള്‍ അടക്കം ഏതു വിസയിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കും. ഉംറ വിസാ കാലാവധി 90 ദിവസമായി ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ഉംറ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് വിസാ കാലാവധിയില്‍ സൗദിയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും സാധിക്കുന്നതാണ്. ഇവർക്ക് സൗദിയിലെ ഏതു എയര്‍പോര്‍ട്ടുകളും അതിര്‍ത്തി പ്രവേശന കവാടങ്ങളും വഴി രാജ്യത്ത് പ്രവേശിക്കാനും അനുമതിയുണ്ട്.
സൗദി വിമാന കമ്പനികളിലെ യാത്രക്കാരെ ലക്ഷ്യമിട്ട് ട്രാന്‍സിറ്റ് വിസയും ആരംഭിച്ചു. സൗദിയിലൂടെ ട്രാന്‍സിറ്റ് ആയി കടന്നു പോകുന്ന ഏതു യാത്രക്കാര്‍ക്കും ടിക്കറ്റും ട്രാന്‍സിറ്റ് വിസയും ഓണ്‍ലൈന്‍ ആയി എളുപ്പത്തില്‍ നേടാന്‍ സാധിക്കുന്നതാണ്. ട്രാന്‍സിറ്റ് വിസയില്‍ നാലു ദിവസമാണ് സൗദിയില്‍ തങ്ങാന്‍ കഴിയുക. ഇതിനിടെ ഉംറ കര്‍മം നിര്‍വഹിക്കാനും മസ്ജിദുബവി സിയാറത്ത് നടത്താനും സാധിക്കും.
ആഭ്യന്തര, വിദേശ തീര്‍ഥാടകര്‍ അടക്കം മുഴുവന്‍ തീര്‍ഥാടകരും ഉംറ കര്‍മം നിര്‍വഹിക്കാനായി നുസുക് ആപ്പ് വഴി പെര്‍മിറ്റ് നേടിയിരിക്കണം. മസ്ജിദുന്നബവി റൗദ ശരീഫ് സന്ദര്‍ശനത്തിനും നുസുക് ആപ്പ് വഴി മുന്‍കൂട്ടി പെര്‍മിറ്റ് നേടല്‍ നിര്‍ബന്ധമാണ്. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും പ്രവേശിക്കാനും നമസ്‌കാരം നിര്‍വഹിക്കാനും പെര്‍മിറ്റുകള്‍ ആവശ്യമില്ല.
വിസാ കാലാവധിക്കുള്ളില്‍ രാജ്യം വിടാതെ അനധികൃതമായി സൗദിയില്‍ തങ്ങുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകരെ കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിക്കാതിരിക്കുന്ന ഹജ്ജ്, ഉംറ സര്‍വീസ് കമ്പനികള്‍ക്ക്, നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്ന ഓരോ തീര്‍ഥാടകര്‍ക്കും ഒരു ലക്ഷം റിയാല്‍ തോതില്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹജ്ജ്, ഉംറ നിയമങ്ങളും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും എല്ലാം സര്‍വീസ് സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണം. വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീര്‍ഥാടകരെ കുറിച്ച് അവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന സര്‍വീസ് കമ്പനികള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന മുഴുവന്‍ സര്‍വീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
 
         
                         
                     
                         
                            