റിയാദ് – സൗദി ദേശീയ ഭാവി പദ്ധതിയിലെ എക്‌സ്‌പോ-2030 റിയാദിൽ പങ്കെടുക്കാൻ 197 രാജ്യങ്ങളെ ക്ഷണിക്കുമെന്ന് എക്‌സ്‌പോ 2030 റിയാദ് കമ്പനി സിഇഒ ത്വലാൽ അൽമരി അറിയിച്ചു. 4.2 കോടി സന്ദർകരെ പ്രതീക്ഷിക്കുന്ന എക്‌സ്‌പോക്കായി 60 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലം അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തി. റിയാദിൽ നടക്കുന്ന ഒമ്പതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയാിരുന്നു ത്വലാൽ അൽമരി. എക്‌സ്‌പോ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണ ജോലികൾ ഈ വർഷം അവസാനത്തോടെ ആരംഭിക്കും.

അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കാനുള്ള ആവശ്യകതകൾക്ക് അനുസൃതമായി ദിരിയ, ഖിദ്ദിയ, കിംഗ് സൽമാൻ പാർക്ക്, കിംഗ് സൽമാൻ ഇന്റർ നാഷണൽ എയർപോർട്ട്, സ്‌പോർട്‌സ് ട്രാക്ക് എന്നിങ്ങനെയുള്ള മെഗാ പദ്ധതികൾ 2030ന് മുമ്പ് പൂർത്തിയാക്കും. മെട്രോ പദ്ധതി ഉൾപ്പെടെയുള്ള റിയാദിലെ ഗതാഗത സംവിധാനം നഗരത്തിന്റെ വിവിധ ഭാഗങ്ങളെ എക്സ്പോ സൈറ്റുമായി ബന്ധിപ്പിക്കും.
സവിശേഷമായ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം, ലോക ജനസംഖ്യയുടെ ഏകദേശം 50 ശതമാനം പേർക്കും വെറും അഞ്ച് മണിക്കൂറിനുള്ളിൽ റിയാദിൽ എത്തിച്ചേരാനാകും. ഗതാഗത ശൃംഖലകൾ, വിമാനത്താവളങ്ങൾ, വിവിധ സാമ്പത്തിക മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നിലവിൽ റിയാദിൽ നടപ്പാക്കുന്നു.
എക്സ്പോ 2030ൽ ലോകത്തെ സ്വാഗതം ചെയ്യാനായി രണ്ടര കോടി വളണ്ടിയർമാർക്ക് നിലവിൽ പരിശീലനം നൽകുന്നുണ്ട്. ഇതൊരു സ്വപ്‌നമല്ല, മറിച്ച് നടപ്പാക്കികൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ്. ഞങ്ങൾക്ക് വ്യക്തമായ പ്രവർത്തന പദ്ധതികളും ഓൺ-സൈറ്റ് തയാറെടുപ്പുകളുമുണ്ട്. എക്സ്പോ സെന്ററിനെ വിമാനത്താവളവുമായും നഗരവുമായും ബന്ധിപ്പിക്കുന്ന റെയിൽവേ ഉൾപ്പെടെയുള്ള വമ്പിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അതിനാൽ, എക്സ്പോ 2030 ന് ആതിഥേയത്വം വഹിക്കാനുള്ള ഏറ്റവും അനുയോജ്യമായ നഗരമായി റിയാദ് മാറുമെന്നതിൽ സംശയമില്ലെന്നും ത്വലാൽ അൽമരി പറഞ്ഞു.
