റിയാദ് – 2024 ൽ സൗദിയില്‍ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 11.6 കോടി കവിഞ്ഞതായി സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ്. ഏകദേശം 26,000 കോടി റിയാല്‍ വിനോദസഞ്ചാരികൾ രാജ്യത്ത് ചെലവഴിച്ചതായും മന്ത്രി അഹ്മദ് അല്‍ഖതീബ് വെളിപ്പെടുത്തി. ഈ കണക്കുകള്‍ രാജ്യത്തിന്റെ ടൂറിസം മേഖലയുടെ ഗണ്യമായ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു. ഹില്‍ട്ടണ്‍ ശൃംഖല പോലുള്ള ആഗോള ഹോട്ടലുകള്‍ സൗദിയിലെ അവരുടെ നിക്ഷേപം ഇരട്ടിയാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനായി സൗദി അറേബ്യയില്‍ രണ്ടു ലക്ഷത്തിലേറെ ഹോട്ടല്‍ മുറികള്‍ നിര്‍മിക്കുന്നുണ്ട്.

രാജ്യത്തേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ അന്താരാഷ്ട്ര കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ ലക്ഷ്യത്തോടെ സൗദിയിലെ 20 നഗരങ്ങളില്‍ നിന്ന് ലോക നഗരങ്ങളിലേക്ക് പുതുതായി എയര്‍ കണക്ടിവിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം സൗദി അറേബ്യ സന്ദര്‍ശിക്കുന്ന ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണം പത്തു ലക്ഷമായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. വനിതാ ശാക്തീകരണത്തില്‍ ടൂറിസം മേഖല വലിയ പരിവര്‍ത്തനം കൈവരിച്ചിട്ടുണ്ട്. ടൂറിസം മേഖലാ ജീവനക്കാരില്‍ വനിതകള്‍ 46 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും ടൂറിസം മന്ത്രി പറഞ്ഞു.
