കുവൈത്ത് സിറ്റി – കുവൈത്തില്‍ മയക്കുമരുന്ന് കേസ് പ്രതികള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അല്‍അബ്ദുല്ല അല്‍അഹ്മദ് അല്‍സ്വബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര യോഗമാണ് മയക്കുമരുന്ന് കടത്തുകാര്‍ക്ക് ശിക്ഷകള്‍ കഠിനമാക്കാനുള്ള വ്യവസ്ഥ അംഗീകരിച്ചത്.

മയക്കുമരുന്നുകള്‍ ചെറുക്കാനും അവയുടെ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കാനുമുള്ള 1983 ലെ 74-ാം നമ്പര്‍ നിയമവും സൈക്കോട്രോപിക് ലഹരിവസ്തുക്കളെ ചെറുക്കാനും അവയുടെ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കാനുമുള്ള 1987 ലെ 48-ാം നമ്പര്‍ നിയമവും പുതിയ നിയമം ലയിപ്പിക്കുന്നു. മയക്കുമരുന്ന് കടത്തുകാര്‍, കച്ചവടക്കാര്‍, പ്രോത്സാഹിപ്പിക്കുന്നവര്‍, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ കൈമാറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ക്ക് വധശിക്ഷയും കനത്ത പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ പുതിയ നിയമം അനുശാസിക്കുന്നു.
മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെയും ദോഷങ്ങളില്‍ നിന്ന് സമൂഹത്തിന്റെ സംരക്ഷണം വര്‍ധിപ്പിക്കുന്ന നിരവധി നേട്ടങ്ങള്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും നിയന്ത്രിക്കുന്നതില്‍ ഉപയോഗിക്കുന്ന ആശയങ്ങളും പദാവലികളും ഏകീകരിക്കുന്നതും കുറ്റകൃത്യങ്ങള്‍, ശിക്ഷകള്‍, നടപടിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകള്‍ ഏകീകരിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും നിയന്ത്രിക്കാനും അവയുടെ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കാനുമുള്ള പുതിയ നിയമം അന്തിമാംഗീകാരത്തിനായി അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹിന് അയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
കഴിഞ്ഞ 12 മാസത്തിനിടെ മയക്കുമരുന്ന് വിരുദ്ധ സേന നടത്തിയ ശക്തമായ ശ്രമങ്ങള്‍ കുവൈത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് 90 ശതമാനം തോതില്‍ കുറക്കുന്നതില്‍ വിജയിച്ചതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസുഫ് അല്‍സ്വബാഹ് ഞായറാഴ്ച പറഞ്ഞു. സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന ശക്തമായ ശ്രമങ്ങളുടെ ഫലമായി മയക്കുമരുന്നുകളുടെ വിപണി വില ഏഴ് മുതല്‍ എട്ട് മടങ്ങ് വരെ വര്‍ധിച്ചു.

