റിയാദ്– ബത്ഹയില്‍ കാര്‍ യാത്രക്കാരെ കത്തി കാണിച്ച് കൊള്ള നടത്തിയ വ്യക്തി വിദേശിയാണെന്ന് റിയാദ് പോലീസ്. എന്നാല്‍ ഇദ്ദേഹം ഏത് രാജ്യക്കാരനാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്, കത്തി അടക്കമുള്ള തൊണ്ടിമുതലുകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ശാറാ റെയിലില്‍ ഗാര്‍ബേജ് കണ്ടെയ്‌നര്‍ നടുറോഡിലിട്ട് ബ്ലോക്ക് ചെയ്ത ശേഷം അതിലൂടെയെത്തിയ കാറിനെ ഇയാള്‍ ലക്ഷ്യമിടുകയായിരുന്നു. ഒളിഞ്ഞിരുന്ന ഇയാള്‍ കാര്‍ തിരിച്ചുപോകാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ വന്ന് ഡോര്‍ തുറക്കുകയും ഡ്രൈവറെയും സഹയാത്രക്കാരനെയും കത്തി കാണിച്ച് കൊള്ള നടത്തുകയുമായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇത്തരം സുരക്ഷ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ റിയാദ്, കിഴക്കന്‍ പ്രവിശ്യ, മക്ക, മദീന പ്രവിശ്യകളിലുള്ളവര്‍ 911 നമ്പറിലും മറ്റു പ്രവിശ്യകളിലുള്ളവര്‍ 999 നമ്പറിലും പൊതുസുരക്ഷ വകുപ്പിനെ അറിയിക്കണമെന്ന് പ്രവാസികളെയും സ്വദേശികളെയും പോലീസ് ഓര്‍മ്മിപ്പിച്ചു.
