സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ പിടിക്കപ്പെട്ട പാകിസ്ഥാൻ പൗരനെ മദീനയിൽ വധശിക്ഷക്ക് വിധേയനാക്കി. രാജ്യത്തേക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ചതിനാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്.
അറസ്റ്റിലായ പ്രതി, തുടർന്നുള്ള അന്വേഷണത്തിൽ കുറ്റം ചെയ്തതായി തെളിഞ്ഞതിനെ തുടർന്ന് കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതോടെ ശിക്ഷ നടപ്പാക്കാൻ റോയൽ കോടതി ഉത്തരവിടുകയും, വധശിക്ഷ നടപ്പാക്കുകയും ചെയ്തു.
ഉത്തരവിനെ തുടർന്ന് 2025 ഒക്ടോബർ 26 ന് ഞായറാഴ്ച (ഹിജ്റ 1447 ജുമാദൽ ഊല 4) പാകിസ്ഥാൻ പൗരനായ ഉമർ ദറാസിൻ്റെ വധശിക്ഷ മദീനയിൽ വെച്ച് നടപ്പാക്കി.
സൗദി പൗരന്മാരുടെയും രാജ്യത്തെ താമസക്കാരുടെയും സുരക്ഷ മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് സംരക്ഷിക്കാൻ സൗദി ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.
മയക്കുമരുന്ന് കടത്തുന്നവർക്കും വിതരണം ചെയ്യുന്നവർക്കും എതിരെ നിയമം അനുശാസിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷ നൽകും. കാരണം, ഇത് നിരപരാധികളുടെ ജീവൻ അപഹരിക്കാനും, വ്യക്തിയിലും സമൂഹത്തിലും വലിയ നാശമുണ്ടാക്കാനും അവകാശങ്ങൾ ലംഘിക്കാനും കാരണമാകുന്ന ദുരന്തമാണ്.
