ജിദ്ദ – സൗദിയില്‍ ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വൻ വർധനവ്. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളാണ് ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വർധനവ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ രാജ്യത്തെ വിവിധ നഗരങ്ങള്‍ക്കും ഗവര്‍ണറേറ്റുകള്‍ക്കുമിടയിലെ ഇന്റര്‍സിറ്റി ബസ് സര്‍വീസുകളുടെ എണ്ണം 45,000 ആയി ഉയര്‍ന്നിരുന്നു. ഈ സര്‍വീസുകളില്‍ 9,05,000 ലേറെ പേരാണ് യാത്ര ചെയ്തത്.

മക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ മക്കയില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്കും ഗവര്‍ണറേറ്റുകളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കും ബസ് സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയത് 2,24,171 പേരാണ്. രണ്ടാം സ്ഥാനത്തുള്ള റിയാദില്‍ 2,05,561 യാത്രക്കാരും മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 1,28,866 പേരും അസീറില്‍ 66,600 യാത്രക്കാരും മദീനയില്‍ 60,653 യാത്രക്കാരും തബൂക്കില്‍ 47,556 യാത്രക്കാരും, ജിസാനില്‍ 34,083 പേരും അല്‍ഖസീമില്‍ 22,995 യാത്രക്കാരുമാണ് മൂന്നു മാസത്തിനിടെ ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയത്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ സൗദിയിലെ നഗരങ്ങളില്‍ പബ്ലിക് ബസ് സര്‍വീസുകള്‍ ഉപയോഗിച്ചത് 2.46 കോടി യാത്രക്കാരാണ്. സിറ്റി ബസ് സര്‍വീസ് യാത്രക്കാരുടെ എണ്ണത്തില്‍ തലസ്ഥാനമായ റിയാദാണ് ഒന്നാമത്. ഇവിടെ 1.86 കോടിയിലേറെ യാത്രക്കാര്‍ സിറ്റി ബസ് സര്‍വീസുകള്‍ പ്രയോജനപ്പെടുത്തി. രണ്ടാം സ്ഥാനത്തുള്ള മക്കയില്‍ 32.1 ലക്ഷം യാത്രക്കാരും മൂന്നാം സ്ഥാനത്തുള്ള ജിദ്ദയില്‍ പത്തു ലക്ഷം യാത്രക്കാരും ദമാം, അല്‍കോബാര്‍, ഖത്തീഫ് എന്നിവിടങ്ങളില്‍ 7,37,000 യാത്രക്കാരും മദീനയില്‍ 3,26,000 യാത്രക്കാരും അല്‍ഖസീമില്‍ 2,03,000 യാത്രക്കാരും തായിഫില്‍ 1,80,000 യാത്രക്കാരും അല്‍ഹസയില്‍ 1,08,000 യാത്രക്കാരും ജിസാനില്‍ 1,07,000 യാത്രക്കാരും തബൂക്കില്‍ 41,000 യാത്രക്കാരുമാണ് സിറ്റി ബസ് സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയത്.
ഗതാഗത സേവനങ്ങള്‍ വികസിപ്പിക്കാനായി ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടിയതാണ് യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയത്.
