റിയാദ് – തലസ്ഥാന നഗരിയിലെ ഫൈസലിയ ഡിസ്ട്രിക്ടില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ വ്യാപകമായ പരിശോധനക്കിടെ അടപ്പിച്ചത് 35 വ്യാപാര സ്ഥാപനങ്ങള്‍. 171 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയപ്പോൾ 32 സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. 22 തെരുവ് കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ പിടിച്ചെടുത്തത് 13.5 ടണ്‍ പച്ചക്കറികള്‍, പഴങ്ങള്‍, ഭക്ഷ്യവസ്തുക്കളും കൂടാതെ മറ്റു 61 വസ്തുക്കളുമാണ്. 901 പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പരിശോധനയില്‍ പങ്കെടുത്ത മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ അധികാര പരിധിയിലുള്ള 230 നിയമലംഘനങ്ങളും രേഖപ്പെടുത്തി.

ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍, സ്‌പോണ്‍സര്‍ക്കു കീഴിലല്ലാതെ സ്വന്തം നിലക്ക് ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് ബിസിനസ് ചെയ്യാന്‍ വാടകക്ക് നല്‍കിയ വീടുകള്‍, റെസ്റ്റോറന്റുകള്‍, ലോണ്‍ട്രികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, തയ്യല്‍ കടകള്‍, റെഡിമെയ്ഡ് ഷോപ്പുകള്‍, ബൂഫിയകള്‍, വഴിവാണിഭം നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്.
വലിയ രീതിയിലുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, കേടായ ഭക്ഷ്യവസ്തുക്കള്‍, കാലാവധി തീര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വില്‍പനക്ക് പ്രദര്‍ശിപ്പിക്കല്‍, സുരക്ഷിതമല്ലാത്ത രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കല്‍ എന്നിവ അടക്കം ഗുരുതരമായ നിയമ ലംഘനങ്ങള്‍ പരിശോധനക്കിടെ കണ്ടെത്തി.
വഴികച്ചവടക്കാരിൽ നിന്ന് പിടിച്ചെടുത്ത ഉപയോഗയോഗ്യമായ ഭക്ഷ്യവസ്തുക്കള്‍ നിര്‍ധനര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ സന്നദ്ധ സംഘടനകള്‍ക്ക് കൈമാറി.
