റിയാദ് – പുതിയ സൗദി ഗ്രാന്‍ഡ് മുഫ്തിയായും ഉന്നത പണ്ഡിതസഭ ചെയര്‍മാനായും ഇഫ്താ വകുപ്പ് മേധാവിയായും നിയമിതനായ ശൈഖ് സ്വാലിഹ് അല്‍ഫൗസാന് അഭിനന്ദന പ്രവാഹം. ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ്, ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് എന്നിവര്‍ അടക്കമുള്ളവര്‍ ശൈഖ് സ്വാലിഹ് അല്‍ഫൗസാനെ അനുമോദിക്കുകയും ആശംസിക്കുകയും ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശ പ്രകാരം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവാണ് ശൈഖ് സ്വാലിഹ് അല്‍ഫൗസാനെ മന്ത്രി റാങ്കോടെ പുതിയ പദവികളില്‍ നിയമിച്ച് രാജകീയ ഉത്തരവിറക്കിയത്.

സെപ്റ്റംബര്‍ 23 ന് അന്തരിച്ച ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിന്റെ പിന്‍ഗാമിയായി രാജ്യത്തെ നാലാമത്തെ ഗ്രാന്‍ഡ് മുഫ്തിയാണ് ശൈഖ് സ്വാലിഹ് അല്‍ഫൗസാന്‍. 1992 മുതല്‍ ഉന്നത പണ്ഡിതസഭ, സ്ഥിരം ഇഫ്താ കമ്മിറ്റി അംഗമാണ്. മുസ്‌ലിം വേള്‍ഡ് ലീഗിനു കീഴിലെ മക്കയിലെ ഫിഖ്ഹ് അക്കാദമിയിലും അംഗമാണ്. ശൈഖ് സ്വാലിഹ് അല്‍ഫൗസാന്‍ 1935 ല്‍ ജനിച്ചു, അനാഥനായി വളര്‍ന്നു. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. 1950 ല്‍ അല്‍ശമാസിയ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്ന അദ്ദേഹം 1952 ല്‍ ബുറൈദയിലെ അല്‍ഫൈസലിയ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് എലിമെന്ററി സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തു. 1954 ല്‍ ബുറൈദയില്‍ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നതോടെ അവിടെ ചേര്‍ന്നു. നാലു വര്‍ഷത്തിന് ശേഷം ബിരുദം നേടിയ ആദ്യ വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു അദ്ദേഹം. തുടര്‍ന്ന് റിയാദിലെ ശരീഅത്ത് കോളേജില്‍ ചേരുകയും 1961 ല്‍ ബിരുദം നേടുകയും ചെയ്തു. കര്‍മശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി.
റിയാദിലെ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലും, ശരീഅത്ത്, ഉസൂലുദ്ദീന്‍ കോളേജുകളിലും ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യറിയിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യറി ഡയറക്ടറായി പിന്നീട് നിയമിതനായി. ഡയറക്ടര്‍ പദവിയിലെ ജോലി അവസാനിച്ച ശേഷവും ഇവിടെ അധ്യാപകവൃത്തി തുടര്‍ന്നു. പിന്നീട് കര്‍മമേഖല സ്ഥിരം ഫത്‌വ കമ്മിറ്റിയിലേക്ക് മാറി. മുന്‍ സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസ് അടക്കം ഏതാനും പ്രമുഖ പണ്ഡിതന്മാരില്‍ നിന്ന് ഇസ്‌ലാമിക വിജ്ഞാനം നേടി. ശൈഖ് ബിന്‍ ബാസില്‍ നിന്നാണ് അനന്തരാവകാശ ശാസ്ത്രം പഠിച്ചത്. ശൈഖ് ബിന്‍ ബാസിന്റെ ക്ലാസുകളിലും പ്രഭാഷണങ്ങളിലും പതിവായി പങ്കെടുക്കുകയും ദാറുല്‍ഇഫ്തായില്‍ അദ്ദേഹത്തിനു കീഴില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. മധ്യ റിയാദ് മലസ് ഡിസ്ട്രിക്ടിലെ പ്രിന്‍സ് മിത്അബ് ജുമാമസ്ജിദ് ഇമാം, ഖത്തീബ്, ഹജ് തീര്‍ഥാടകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധകര്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സൂപ്പര്‍വൈസറി കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. നൂറുന്‍ അലദ്ദര്‍ബ് (ലൈറ്റ് ഓണ്‍ ദി പാത്ത്) എന്ന റേഡിയോ പ്രോഗ്രാമില്‍ മതവിധി തേടുന്നവരുടെ ചോദ്യങ്ങള്‍ക്ക് മറുപടികള്‍ നല്‍കുന്നവരില്‍ ഒരാളുമാണ്.
വൈജ്ഞാനിക പ്രസിദ്ധീകരണങ്ങളില്‍ ഗവേഷണം, ഫത്വകള്‍, പഠനങ്ങള്‍, പ്രബന്ധങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ പതിവായി പ്രസിദ്ധീകരിക്കുന്നു. അവയില്‍ ചിലത് ശേഖരിച്ച് അച്ചടിച്ചിട്ടുണ്ട്. മറ്റുള്ളവ അച്ചടിച്ച ഘട്ടത്തിലാണ്. സൗദി സര്‍വകലാശാലകളിലെ ബിരുദ വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന പ്രബന്ധങ്ങളുടെ മേല്‍നോട്ടവും നടത്തിയിട്ടുണ്ട്. ശൈഖ് മുഹമ്മദ് ബിന്‍ ഇബ്രാഹിം ആലുശൈഖ്, ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസ്, ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് എന്നിവര്‍ക്ക് ശേഷം രാജ്യത്തിന്റെ നാലാമത്തെ ഗ്രാന്‍ഡ് മുഫ്തിയാണ് ശൈഖ് സ്വാലിഹ് അല്‍ഫൗസാന്‍.