ദുബൈ– മാധ്യമങ്ങളിലെ മോശം ഉള്ളടക്കങ്ങൾ പൊതുജനങ്ങൾക്ക് നിരീക്ഷിക്കാനും, അവ നേരിട്ട് റിപ്പോർട്ട് ചെയ്യാനും കമ്യൂണിറ്റി അംഗങ്ങളെ അനുവദിക്കുന്നതിനും യുഎഇ മീഡിയ കൗൺസിൽ ‘ആമേൻ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഉത്തരവാദിത്തമുള്ള മാധ്യമങ്ങളെ രൂപപ്പെടുത്തുന്നതിൽ സമൂഹ പങ്കാളിത്തം ശാക്തീകരിക്കുന്നതിനാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിച്ചിട്ടുള്ളത്.

‘ആമേൻ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് ഇത്തരം ഉള്ളടക്കങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കുക. ഇതിനായി amen.ae എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ A’men ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാവുന്നതാണ്. യു.എ.ഇ പാസ് വഴി ആമേൻ പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്യാം.

തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ, സുരക്ഷിതമല്ലാത്ത കണ്ടന്റുകൾ, അനുചിതമായ പരസ്യങ്ങൾ എന്നിവയാണ് ആമേൻ അപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്ക് സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയുക. ഉത്തരവാദിത്തമുള്ള മാധ്യമമേഖലയെ സൃഷ്ടിക്കാനാണ് ഈ തീരുമാനമെന്നും യു.എ.ഇ മീഡിയകൗൺസിൽ പറഞ്ഞു.
പരാതിക്കിടയാക്കിയ ഉള്ളടക്കത്തിന്റെ ലിങ്ക്, ചിത്രങ്ങൾമ, വോയ്സനോട്ട് എന്നിവയെല്ലാം ആമേൻ ആപ്പ് അധികൃതർക്ക് പങ്കുവെക്കാനാകും.
ഇൻസ്റ്റാഗ്രാം, ഫെയ്സ് ബുക്ക്, വാട്സ്ആപ്പ് പോലുളള സമൂഹമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ‘അഡ്വടൈസർ പെർമിറ്റ്’ ആരംഭിച്ചതുൾപ്പെടെ ഓൺലൈൻ കണ്ടൻ്റുകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ യുഎഇ അടുത്തിടെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.