GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പത്ത് വർഷത്തിലധികം പഴക്കമുള്ള നിരവധി പേരുടെ ഗതാഗത പിഴകൾ  റദ്ദാക്കിയതായി ഷാർജ പോലീസ്

ഷാർജ– പത്ത് വർഷത്തിലധികം പഴക്കമുള്ള നിരവധി പേരുടെ ഗതാഗത പിഴകൾ തീർപ്പാക്കിയതായി ഷാർജ പോലീസ് അറിയിച്ചു. ഇതുവരെ 7,000ത്തിലധികം ട്രാഫിക് പിഴകൾ ഇപ്രകാരം ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 284 പേർക്കാണ് ഇളവ് ലഭിച്ചത്. എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനത്തിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് പിഴകൾ റദ്ദാക്കുന്നത്. പിഴ ഒഴിവാക്കാനുള്ള ഓരോ അപേക്ഷയ്ക്കും 1,000 ദിർഹം ഫീസ് ഈടാക്കും.


എന്നാൽ, മാനുഷികപരമായ പരിഗണനയിൽ ചില കേസുകളിൽ ഈ ഫീസിന് ഒഴിവുണ്ട്. വാഹന ഉടമയുടെ മരണം, 10 വർഷമോ അതിലധികമോ കാലയളവിൽ രാജ്യത്ത് നിന്ന് സ്ഥിരമായി പുറത്തുപോവുക, ഉടമയെ കണ്ടെത്താൻ കഴിയാത്ത ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അർഹതയുള്ളവർ ട്രാഫിക് ആൻഡ് ലൈസൻസിങ് സർവീസ് സെന്ററുകൾ സന്ദർശിക്കണം.

സമയബന്ധിതമായി പിഴ അടയ്ക്കുന്നവർക്കായി എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പിഴ 60 ദിവസത്തിനുള്ളിൽ അടയ്ക്കുകയാണെങ്കിൽ 35 ശതമാനം കിഴിവ് ലഭിക്കും. പിഴത്തുക, വാഹനം പിടിച്ചെടുത്ത കാലയളവിലെ തുക, വാഹനത്തിന്റെ സ്‌റ്റോറേജ് ഫീസ് എന്നിവക്കെല്ലാം ഈ ഇളവ് ബാധകമാണ്. പിഴ 60 ദിവസത്തിനും ഒരു വർഷത്തിനും ഇടയിൽ അടയ്ക്കുകയാണെങ്കിൽ 25 ശതമാനം കിഴിവ് ലഭിക്കും. ഈ ഇളവ് പിഴത്തുകയ്ക്ക് മാത്രമായിരിക്കും. റോഡ് സുരക്ഷ ഉറപ്പാക്കാനും ഗതാഗത നിയമങ്ങൾ പാലിക്കാനും ലംഘനങ്ങൾ ഒഴിവാക്കാനും ഷാർജ പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!