ജിദ്ദ– സൗദി അറേബ്യയിലെ പ്രവാസി തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യം വിടാനും സ്വാതന്ത്ര്യം നൽകി, സ്പോൺസർഷിപ്പ് സമ്പ്രദായം റദ്ദാക്കിയെന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇന്ത്യയിൽനിന്നുള്ള പ്രമുഖ ഇംഗ്ലീഷ്-മലയാള മാധ്യമങ്ങളാണ് ഇത്തരത്തിൽ വാർത്ത നൽകിയത്. 25 ലക്ഷത്തിലധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന സൗദി അറേബ്യയിൽ കാലാനുസൃതമായി തൊഴിൽ നിയമങ്ങൾ പരിഷ്‌കരിച്ചുവരുന്നുണ്ട്. സൗദിയിലെ തൊഴിൽ മേഖല തൊഴിലുടമകൾക്ക് കീഴിൽ തൊഴിൽ കരാറിൽ ബന്ധിതമാണ് ഇപ്പോഴും.

നിശ്ചിത സമയത്തേക്ക് തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഉണ്ടാക്കിയ കരാർ പ്രകാരമാണ് സൗദിയുടെ തൊഴിൽ വിപണി പ്രവർത്തിക്കുന്നത്. തൊഴിൽ മാറാനും രാജ്യത്തിന് പുറത്തേക്ക് പോകാനും തിരിച്ചുവരാനും എല്ലാറ്റിനും വ്യവസ്ഥകളുണ്ട്. താമസ രേഖയായ ഇഖാമ തൊഴിലുടമ പുതുക്കാതിരിക്കുകയോ തുടർച്ചയായി മൂന്നു മാസം ശമ്പളം തരാതിരിക്കുകയോ തൊഴിൽ കരാർ പുതുക്കാതിരിക്കുയോ ചെയ്യുമ്പോൾ മാത്രമേ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറാനാവൂ. അല്ലെങ്കിൽ തൊഴിലുടമയുടെ അനുമതി വേണം.
കരാർ കാലാവധിയുള്ള സമയത്ത് അവധിക്ക് പോകാനും ജോലിയുപേക്ഷിച്ച് നാട്ടിൽ പോകാനും തൊഴിലുടമയുടെ പ്രത്യേക അനുമതി ആവശ്യമാണ്. കരാർ സമയത്ത് തൊഴിൽ മാറാൻ തൊഴിലാളി ആവശ്യപ്പെട്ടാലോ തൊഴിലുടമ നിർബന്ധിച്ചാലോ നഷ്ടപരിഹാരം നൽകേണ്ടിവരും. തൊഴിൽ കരാർ പുതുക്കാതെ രണ്ട് മാസം തങ്ങിയാൽ തൊഴിൽ സ്ഥലത്ത് ഹാജറാകാത്തവൻ എന്ന ലേബലിലുള്ള ഹുറൂബ് ആകും. ഇതോടെ തൊഴിൽ മാറാനും ഫൈനൽ എക്സിറ്റ് ലഭിക്കാനും പ്രയാസം നേരിടും. വ്യക്തിഗത വിസയിലുള്ള ഹൗസ് ഡ്രൈവർമാർ, തോട്ടം തൊഴിലാളികൾ, ഗാർഹിക ജോലിക്കാർ എന്നിവർക്കും തൊഴിൽ കരാർ ബാധകമാണ്.
ഇഖാമയുടെ കാലാവധി കഴിഞ്ഞവർക്കും ഹുറൂബായവർക്കും ഫൈനൽ എക്സിറ്റിൽ പോകണമെങ്കിൽ എംബസികളുടെ ഇടപെടൽ അനിവാര്യമാണ്. ലേബർ വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താൽ ഫൈനൽ എക്സിറ്റ് ലഭിക്കുമെന്ന പ്രചാരണം ഇയ്യിടെ ശക്തമായിരുന്നു. എന്നാൽ എംബസിയുടെ അനുമതി പത്രം ലഭിച്ചവരാണ് ഇപ്രകാരം ലേബർ വകുപ്പിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ ഇതുവരെ ആർക്കും ഇങ്ങനെ ഫൈനൽ എക്സിറ്റ് ലഭിച്ചിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ ദ മലയാളം ന്യൂസിനെ അറിയിച്ചത്.
എല്ലാ രാജ്യങ്ങളെയും പോലെ സൗദി അറേബ്യക്കുമുണ്ട് തൊഴിൽ നിയമങ്ങൾ. രാജ്യത്തിന്റെ പൗരന്മാർക്കുള്ള അവകാശങ്ങളെ പോലെ തന്നെ പ്രവാസി തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ സൗദിയിലെ തൊഴിൽ മേഖല പരിഷ്‌കരിക്കുന്നുണ്ട്. കഫാലയെന്ന സ്പോൺസർഷിപ്പ് സംവിധാനം രാജ്യാന്തരതലത്തിൽ ചർച്ചയായപ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് തൊഴിലാളിയും തൊഴിലുടമയും എന്ന പദപ്രയോഗം സ്വീകരിച്ചത്. ഇരുവിഭാഗത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്ന ബ്രഹത്തായ വ്യവസ്ഥകളിലധിഷ്ടിതമാണ് സൗദിയുടെ തൊഴിൽ വിപണി.