റിയാദ് – ലോകത്തെ ആദ്യത്തെ റോബോട്ടിക് ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തി റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ചരിത്ര നേട്ടം കൈവരിച്ചു. റോബോട്ടിക് വൈദ്യശാസ്ത്രത്തിലെ ചരിത്രപരമായ കുതിച്ചുചാട്ടമെന്നോണം ലോകത്തിലെ ആദ്യത്തെ റോബോട്ടിക് ഇന്‍ട്രാക്രാനിയല്‍ ട്യൂമര്‍ റിസക്ഷന്‍ ആണ് ആശുപത്രിയില്‍ നടത്തിയത്. ന്യൂറോ സര്‍ജിക്കല്‍ കൃത്യതയിലും വീണ്ടെടുക്കലിലും ഈ വിപ്ലവകരമായ നേട്ടം പുതിയ ആഗോള നിലവാരം സൃഷ്ടിക്കുന്നു.

കഠിനമായ തലവേദനയും ഏകാഗ്രത നഷ്ടപ്പെലും അനുഭവിച്ചിരുന്ന 68 വയസുകാരനായ രോഗിയില്‍ റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് 4.5 സെന്റീമീറ്റര്‍ നീളമുള്ള ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യുകയായിരുന്നു. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ രോഗി പൂര്‍ണ ബോധാവസ്ഥയില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. പരമ്പരാഗത മസ്തിഷ്‌ക ശസ്ത്രക്രിയകളേക്കാള്‍ ഏകദേശം നാലിരട്ടി വേഗത്തില്‍ ഈ ഓപ്പറേഷനില്‍ വീണ്ടെടുക്കല്‍ സാധ്യമായി.
റോബോട്ടിക് സംവിധാനം അസാധാരണമായ കൃത്യതയും നിയന്ത്രണവും നല്‍കിയതായും ഇത് ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയോടെ നിര്‍ണായക ന്യൂറോവാസ്‌കുലര്‍ ഘടനകളെ നാവിഗേറ്റ് ചെയ്യാന്‍ സര്‍ജന്മാരെ പ്രാപ്തമാക്കിയതായും കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ബ്രെയിന്‍ ട്യൂമര്‍ കണ്‍സള്‍ട്ടന്റും മുന്‍നിര സര്‍ജനുമായ ഡോ. ഹുമൂദ് അല്‍ദഹാശ് പറഞ്ഞു. പൂര്‍ണ ബോധത്തിലും സങ്കീര്‍ണതകളുമില്ലാതെ രോഗിയുടെ അതേ ദിവസത്തെ ഡിസ്ചാര്‍ജ് ന്യൂറോ സര്‍ജിക്കല്‍ ഇന്നൊവേഷനുള്ള പുതിയ മാനദണ്ഡമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
3-ഡി ഒപ്റ്റിക്കല്‍ സിസ്റ്റത്തിന്റെ നേതൃത്വത്തില്‍, ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ, തലച്ചോറിന്റെ വ്യക്തവും വലുതുമായ കാഴ്ച കണ്ടുകൊണ്ട് ഓപ്പറേഷന്‍ നടത്താന്‍ ശസ്ത്രക്രിയാ വിദഗ്ധരെ പ്രാപ്തരാക്കി. നൂതന ഇമേജ്-ഗൈഡഡ് നാവിഗേഷന്‍ സാങ്കേതികവിദ്യ തലച്ചോറിന്റെ സുപ്രധാന ഭാഗങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം കൃത്യമായ ട്യൂമര്‍ നീക്കം ഉറപ്പാക്കി.
കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ സി.ഇ.ഒ ഡോ. മാജിദ് അല്‍ഫയാദ് ഈ നാഴികക്കല്ലിനെ ആശുപത്രിയുടെ തുടര്‍ച്ചയായ പരിവര്‍ത്തന യാത്രയുമായി ബന്ധിപ്പിച്ചു. ആഗോള വൈദ്യശാസ്ത്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്ററിന്റെ വളരുന്ന പങ്കിനെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു. നവീകരണവും രോഗി കേന്ദ്രീകൃത പരിചരണവും ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി നിര്‍വചിക്കുന്ന ഞങ്ങളുടെ കാഴ്ചപ്പാടുമായി ഇത് തികച്ചും യോജിച്ചുപോകുന്നതായും ഡോ. മാജിദ് അല്‍ഫയാദ് പറഞ്ഞു.
റോബോട്ടിക് ന്യൂറോ സര്‍ജറിയുടെ ആവിര്‍ഭാവത്തിന് മുമ്പ്, സമാനമായ ഓപ്പറേഷനുകള്‍ക്ക് സര്‍ജിക്കല്‍ മൈക്രോസ്‌കോപ്പിന് കീഴില്‍ മാനുവല്‍ നീക്കം ചെയ്യല്‍ ആവശ്യമായിരുന്നു. ഇത്തരം ശസ്ത്രക്രിയകളുടെ കൃത്യത മനുഷ്യന്റെ സ്ഥിരതയെയും ദൃശ്യ വ്യക്തതയെയും വളരെയധികം ആശ്രയിച്ചിരുന്നു. റോബോട്ടിക് സംവിധാനങ്ങള്‍ ഇപ്പോള്‍ മെച്ചപ്പെട്ട ഉപകരണ സ്ഥിരത, വിറയല്‍ ഇല്ലാതാക്കല്‍, മികച്ച ദൃശ്യവല്‍ക്കരണം എന്നിവ നല്‍കുകയും ന്യൂറോ സര്‍ജിക്കല്‍ പരിചരണത്തിലെ സുരക്ഷയുടെയും കൃത്യതയുടെയും ആഗോള മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നു. ഈ പുതിയ നാഴികക്കല്ല് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്ററിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന റോബോട്ടിക് സര്‍ജിക്കല്‍ മുന്നേറ്റങ്ങളുടെ ഗണത്തില്‍ പെടുന്നു.
ലോകത്ത് ആദ്യത്തെ റോബോട്ടിക് ഹൃദയമാറ്റ ശസ്ത്രക്രിയയും റോബോട്ടിക് കരള്‍ മാറ്റിവെക്കല്‍ ഓപ്പറേഷനും നടത്തി കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റ മുമ്പ് അന്താരാഷ്ട്ര അംഗീകാരം നേടുകയും റോബോട്ടിക്, മിനിമലി ഇന്‍വേസീവ് ശസ്ത്രക്രിയകള്‍ക്കുള്ള ലോകത്തിലെ മുന്‍നിര കേന്ദ്രങ്ങളില്‍ ഒന്നായി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
2025 ല്‍ ലോകത്തിലെ ഏറ്റവും മികച്ച 250 അക്കാദമിക് മെഡിക്കല്‍ സെന്ററുകളില്‍ മിഡില്‍ ഈസ്റ്റിലും ഉത്തര ആഫ്രിക്കയിലും ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ 15-ാം സ്ഥാനവും കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍നേടിയിട്ടുണ്ട്. ബ്രാന്‍ഡ് ഫിനാന്‍സ് 2024 ല്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മൂല്യവത്തായ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായും ഇതിനെ അംഗീകരിച്ചു. ന്യൂസ് വീക്കിന്റെ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികള്‍ 2025, മികച്ച സ്മാര്‍ട്ട് ആശുപത്രികള്‍ 2025, മികച്ച സ്‌പെഷ്യലൈസ്ഡ് ആശുപത്രികള്‍ 2026 എന്നീ പട്ടികകളിലും ഇടംനേടി. നവീകരണാധിഷ്ഠിത രോഗീ പരിചരണത്തില്‍ ആഗോള മുന്‍നിര സ്ഥാപനമെന്ന നിലയില്‍ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്ററിന്റെ സ്ഥാനം ഈ അംഗീകാരങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു