ജിദ്ദ – സൗദിയില്‍ സ്വകാര്യ മേഖലയിലെ അക്കൗണ്ടിംഗ് പ്രൊഫഷനുകള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അടുത്ത തിങ്കളാഴ്ച മുതല്‍ നടപ്പാക്കിത്തുടങ്ങും.

അക്കൗണ്ടിംഗ് പ്രൊഫഷനുകളില്‍ അഞ്ചോ അതിലധികമോ തൊഴിലാളികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങളില്‍ 40 ശതമാനം സൗദിവല്‍ക്കരണമാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നതെന്ന് വാണിജ്യ മന്ത്രാലയം വിശദീകരിച്ചു. അക്കൗണ്ടിംഗ് പ്രൊഫഷനുകളുടെ സൗദിവല്‍ക്കരണ പദ്ധതി പ്രകാരം, 2026 ഒക്ടോബര്‍ 27 ന് നടപ്പാക്കുന്ന രണ്ടാം ഘട്ടത്തില്‍ നിര്‍ബന്ധിത സൗദിവല്‍ക്കരണ അനുപാതം 50 ശതമാനമായി വര്‍ധിപ്പിക്കും. 2027 ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കുന്ന മൂന്നാം ഘട്ടത്തില്‍ 60 ശതമാനവും 2028 ഒക്ടോബര്‍ 27 ന് നിലവില്‍വരുന്ന നാലാം ഘട്ടത്തില്‍ 70 ശതമാനവും സൗദിവല്‍ക്കരണമാണ് അക്കൗണ്ടിംഗ് പ്രൊഫഷനുകളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പാലിക്കേണ്ടത്.
മൂന്നോ നാലോ അക്കൗണ്ടന്റുമാരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് അഞ്ചാം ഘട്ടത്തില്‍ 30 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കും. സ്വദേശികള്‍ക്ക് ഉത്തേജകമായ തൊഴിലവസരങ്ങള്‍ നല്‍കാനും സ്വകാര്യ മേഖലയിലെ അക്കൗണ്ടിംഗ് തൊഴിലുകളില്‍ സൗദികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും സാമ്പത്തിക സംവിധാനത്തില്‍ സ്വദേശികളുടെ സംഭാവന വര്‍ധിപ്പിക്കാനുമാണ് അക്കൗണ്ടിംഗ് തൊഴിലുകളില്‍ ഘട്ടംഘട്ടമായി നിര്‍ബന്ധിത സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനത്തിലൂടെ വാണിജ്യ മന്ത്രാലയവും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ലക്ഷ്യമിടുന്നത്.