കുവൈത്ത് സിറ്റി – കുവൈത്തിൽ തെരുവുകളുടെ പേരുകള്‍ റദ്ദാക്കി പകരം നമ്പറുകള്‍ നൽകാൻ തീരുമാനം. വ്യക്തിഗത പേരുകളുള്ള തെരുവുകളുടെയും പ്രദേശങ്ങളുടെയും പ്രാന്തപ്രദേശങ്ങളുടെയും പേരുകള്‍ റദ്ദാക്കിയാണ് നമ്പറുകൾ നൽകുക. ഞായറാഴ്ച നടന്ന യോഗത്തിലാണ് കുവൈത്ത് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. കുവൈത്ത് അമീറുമാര്‍, കിരീടാവകാശികള്‍, അയല്‍ രാജ്യങ്ങളിലെ നേതാക്കള്‍ എന്നിവരുടെ പേരുകള്‍ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കി. 66 പ്രധാന, ശാഖാ റോഡുകളുടെയും തെരുവുകളുടെയും പേരുകള്‍ നിലനിര്‍ത്തിക്കൊണ്ട് 591 തെരുവുകളുടെ പേരുകള്‍ റദ്ദാക്കി അവക്ക് പകരം നമ്പറുകള്‍ നല്‍കാനാണ് തീരുമാനം. മൂന്ന് തെരുവുകളുടെ പേരുകള്‍ ഭേദഗതി ചെയ്ത് അവക്ക് അറബ് നഗരങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകള്‍ നല്‍കാനും തീരുമാനമുണ്ട്.

അതേസമയം, കുവൈത്ത് ഭരണാധികാരികള്‍, വിദേശ രാജ്യങ്ങളിലെ രാജാക്കന്മാര്‍, ഭരണാധികാരികള്‍, രാജകുമാരന്മാര്‍, രാഷ്ട്രത്തലവന്മാര്‍, ചരിത്ര വ്യക്തികള്‍, കുവൈത്ത് ഭരണകുടുംബത്തിലെ ചില ശൈഖുകള്‍ എന്നിവരുടെ പേരുകള്‍ നല്‍കാമെന്ന് ആര്‍ട്ടിക്കിള്‍ 4 വ്യവസ്ഥ ചെയ്യുന്നു. പരസ്പര ബന്ധത്തിന്റെ തത്വത്തെ അടിസ്ഥാനമാക്കി രാജ്യങ്ങള്‍, നഗരങ്ങള്‍, തലസ്ഥാനങ്ങള്‍ എന്നിവയുടെ പേരുകളും നല്‍കാം. വ്യക്തികളുടെ പേരുകള്‍ ഇല്ലാത്ത ചില റോഡുകളുടെയും തെരുവുകളുടെയും ചത്വരങ്ങളുടെയും പേരുകള്‍ നിലനിര്‍ത്തണമെന്നും ആര്‍ട്ടിക്കിള്‍ 4 വ്യവസ്ഥ ചെയ്യുന്നു. കുവൈത്ത് ഭരണാധികാരികള്‍, വിദേശ രാജ്യങ്ങളിലെ രാജാക്കന്മാര്‍, സുല്‍ത്താന്‍മാര്‍, ഭരണാധികാരികള്‍, രാജകുമാരന്മാര്‍, രാഷ്ട്രത്തലവന്മാര്‍, ചരിത്ര വ്യക്തികള്‍, ഭരണകുടുംബത്തിലെ ചില ശൈഖുകള്‍, രാജ്യങ്ങളുടെയും നഗരങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകള്‍ എന്നിവ ഒഴികെ, റോഡുകളുടെയും തെരുവുകളുടെയും ചത്വരങ്ങളുടെയും പേരുകള്‍ നിര്‍ത്തലാക്കുമെന്നും അവക്ക് നമ്പറുകള്‍ മാത്രം നല്‍കുന്ന രീതി നടപ്പാക്കുമെന്നും ഭേദഗതി ചെയ്ത ആര്‍ട്ടിക്കിള്‍ അഞ്ച് പറയുന്നു. റോഡുകളുടെയും തെരുവുകളുടെയും ചത്വരരങ്ങളുടെയും പേരുകള്‍ മാറ്റി നമ്പറുകള്‍ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ 2024 ജൂണ്‍ 3 ന് കുവൈത്ത് മന്ത്രിസഭ പൊതുമരാമത്ത് മന്ത്രിയെയും മുനിസിപ്പല്‍കാര്യ സഹമന്ത്രിയെയും ചുമതലപ്പെടുത്തിയിരുന്നു.