ജിദ്ദ – നിയമലംഘനങ്ങൾ നടത്തിയതിന് 37 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത് മാനവ ശേഷി സാമൂഹ്യ വികസന മന്ത്രാലയം. അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള അന്വേഷണത്തിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിൽ 27 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ലൈസൻ ശ്രദ്ധ ആക്കിയപ്പോൾ 10 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെപ്പിച്ചു. തൊഴിൽ സേവനങ്ങൾ നൽകുന്നതിലുള്ള നിയമലംഘനം, ഉപഭോക്താക്കൾക്ക് നൽകേണ്ട പണം വൈകിപ്പിച്ചത്, ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാതിരിക്കൽ പോലെയുള്ള നിയമലംഘനങ്ങൾക്കെതിരെയാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്.

ഇത്തരം റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളെ സ്ഥിരമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമലംഘനം നടത്തിയാൽ നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്മെന്റ് സേവനങ്ങൾ ലഭ്യമാകുന്ന അംഗീകൃത ദേശീയ പ്ലാറ്റ്ഫോമായ മുസാനിദ് പ്രയോജനപ്പെടുത്താനും മന്ത്രാലയം ആഹ്വാനം ചെയ്തു.
മുസാനിദിൽ അംഗീകൃത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടാനും സാധിക്കുന്നതാണ്.
ഈ പ്ലാറ്റ്ഫോമിൽ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്ക് എതിരെയുള്ള പരാതികൾ നൽകാനും കഴിയും. ഇത്തരം റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുള്ള നിയമലംഘനങ്ങൾ 920002866 വഴിയും അറിയിക്കാം.