ദോഹ – ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഉടനടി വെടിനിര്‍ത്തലിന് സമ്മതിച്ചതായി ഖത്തര്‍ വിദേശ മന്ത്രാലയം അറിയിച്ചു. മുന്‍ വെടിനിര്‍ത്തലിന് ശേഷം പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഉടനടി വെടിനിര്‍ത്തല്‍, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശാശ്വത സമാധാനവും സ്ഥിരതയും ശക്തമാക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയില്‍ ദോഹ ചര്‍ച്ചകളില്‍ ഇരുപക്ഷവും ധാരണയിലെത്തിയതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ദോഹയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വെടിനിര്‍ത്തല്‍ കരാറില്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, തുര്‍ക്കി പ്രതിനിധികള്‍ ഒപ്പുവെക്കുന്നു.
വെടിനിര്‍ത്തലിന്റെ സുസ്ഥിരത ഉറപ്പാക്കാനും വിശ്വസനീയവും സുസ്ഥിരവുമായ രീതിയില്‍ അത് നടപ്പാക്കുന്നത് പരിശോധിക്കാനുമായി വരും ദിവസങ്ങളില്‍ തുടര്‍ യോഗങ്ങള്‍ നടത്താന്‍ ഇരുപക്ഷവും സമ്മതിച്ചതായും ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ സുപ്രധാന നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സഹായകമാകുമെന്ന് ഖത്തര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ദോഹയില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിനെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും മാനിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി. ഒക്ടോബര്‍ 25 ന് ഇസ്താംബൂളില്‍ പാക് പ്രതിനിധി സംഘം അഫ്ഗാന്‍ പ്രതിനിധി സംഘവുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡസന്‍ കണക്കിന് ആളുകളുടെ മരണത്തിനും നേരത്തെ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ പൊളിഞ്ഞതിനും ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയില്‍ ശാശ്വതമായ ശാന്തത പുനഃസ്ഥാപിക്കാനായി പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച ഖത്തറില്‍ അഫ്ഗാന്‍ സംഘവുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉത്ഭവിക്കുന്ന പാക്കിസ്ഥാനെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാനും പാക്കിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും സ്ഥാപിക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്ന് പാക്കിസ്ഥാന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കിഴക്കന്‍ സംസ്ഥാനമായ പക്തികയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളും മൂന്ന് ക്രിക്കറ്റ് കളിക്കാരും ഉള്‍പ്പെടെ 10 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി വെള്ളിയാഴ്ച അഫ്ഗാനിസ്ഥാന്‍ ആരോപിച്ചു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ നോര്‍ത്ത് വസീറിസ്ഥാനില്‍ രണ്ട് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ താലിബാനുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പിനെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് പാക്കിസ്ഥാന്‍ സുരക്ഷാ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരുവശത്തും ഡസന്‍ കണക്കിന് സൈനികരും സാധാരണക്കാരും കൊല്ലപ്പെടാന്‍ ഇടയാക്കിയ രണ്ടാഴ്ച നീണ്ടുനിന്ന അതിര്‍ത്തി ഏറ്റുമുട്ടലുകള്‍ അവസാനിപ്പിച്ച വെടിനിര്‍ത്തല്‍ കരാര്‍ നേരത്തെ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കാതല്‍. പാക്കിസ്ഥാന്‍ താലിബാന്‍ നയിക്കുന്ന സായുധ സംഘങ്ങള്‍ക്ക് അഫ്ഗാനിസ്ഥാന്‍ അഭയം നല്‍കുന്നതായി പാക്കിസ്ഥാന്‍ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണം അഫ്ഗാനിസ്ഥാന്‍ നിഷേധിക്കുന്നു.