അനധികൃത ടാക്സി സർവീസ് പിടികൂടാനായി നടത്തിയ പരിശോധനയിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരാഴ്ചക്കിടെ 606 പേരെ പൊതുഗതാഗത അതോറിറ്റി (TGA) പിടികൂടി.

2025 ഒക്ടോബർ 4 മുതൽ 10 വരെ നടന്ന പരിശോധനയിലാണ് ഇത്രയും പേർക്കെതിരെ നടപടിയെടുത്തത്. ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി സഹകരിച്ചാണ് അതോറിറ്റി ഈ വ്യാപകമായ പരിശോധന നടത്തിയത്.
പിടിയിലായവരിൽ ഭൂരിഭാഗം പേരും സ്വന്തം സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് അനധികൃതമായി യാത്രക്കാരെ ക്ഷണിക്കുകയോ, അല്ലെങ്കിൽ നേരിട്ട് യാത്രക്കാരെ കൊണ്ടുപോവുകയോ ചെയ്തവരാണ്.
അനധികൃതമായി യാത്രക്കാരെ വിളിച്ചു കയറ്റിയ 362 പേരെയാണ് പിടികൂടിയത് ഇവർക്ക് 11,000 റിയാൽ വരെ പിഴയും 25 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷ ലഭിക്കും.
ലൈസൻസില്ലാതെ യാത്രക്കാരെ സ്വകാര്യ വാഹനങ്ങളിൽ കൊണ്ടുപോയ 244 പേരെയും പിടികൂടി ഇവർക്ക് 20,000 റിയാൽ വരെ പിഴയും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിക്കും.
പു
തിയ റോഡ് ഗതാഗത നിയമം അനുസരിച്ച്, ആവർത്തിച്ച് നിയമലംഘനം നടത്തുന്ന വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിനും പിടിച്ചെടുത്ത വാഹനങ്ങൾ പൊതു ലേലത്തിൽ വിൽക്കുന്നതിനും വ്യവസ്ഥയുണ്ട്.
പൊതുഗതാഗത സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനും ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് തന്ത്രത്തിന് അനുസൃതമായി മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ കാമ്പയിൻ.
പൊതുഗതാഗത അതോറിറ്റി പുറത്തിറക്കിയ റോഡ് ഗതാഗതത്തെക്കുറിച്ചുള്ള പുതിയ നിയമ വ്യവസ്ഥകൾ പൗരന്മാരും താമസക്കാരും ഔദ്യോഗിക വെബ്സൈറ്റ് (https://www.tga.gov.sa) വഴി വായിച്ച് മനസ്സിലാക്കണമെന്ന് അതോറിറ്റി നിർദ്ദേശിച്ചു.