ദുബൈ– 2026 അവസാനത്തോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) ലാപ്ടോപ്പുകൾ, ലിക്വിഡുകൾ എന്നിവ ഹാൻ്റ് ബാഗേജുകളിൽ നിന്നും പുറത്തിറക്കാതെ സ്ക്രീൻ ചെയ്യാനാവുന്ന സംവിധാനം നടപ്പിലാക്കുമെന്ന് അധികൃതർ.
സുരക്ഷാ പരിശോധനകൾക്കിടെ ലാപ്‌ടോപ്പുകൾ 100 മില്ലിയിൽ കൂടുതലുള്ള പെർഫ്യൂമുകൾ, ക്രീമുകൾ, ദ്രാവകങ്ങൾ തുടങ്ങിയ വസ്തുക്കൾ യാത്രക്കാർ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്ന പുതിയ സ്കാനറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകളും ദുബൈ എയർപോർട്ട്‌സ് നിലവിൽ പരീക്ഷിച്ചുവരികയാണ്.

ഈ പുതിയ സാങ്കേതികവിദ്യ യാഥാർത്ഥ്യമാകുന്നതോടെ യാത്ര എളുപ്പവും സമ്മർദ്ദരഹിതവുമാകുമെന്ന് ദുബൈ എയർപോർട്ടുകളിലെ ടെർമിനൽ പ്രവർത്തനങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റ് എസ്സ അൽ ഷംസി പറഞ്ഞു. യാത്രക്കാരുടെ ബാഗിൽ നിന്ന് ഒന്നും പുറത്തെടുക്കേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 മെയ് മാസത്തിൽ, ദുബൈ ഏവിയേഷൻ എഞ്ചിനീയറിംഗ് പ്രോജക്ട്സ്, DXB യുടെ മൂന്ന് ടെർമിനലുകളിലും വിപുലമായ ചെക്ക്‌പോയിന്റ് സ്‌ക്രീനിംഗ് സാങ്കേതികവിദ്യകൾ സ്ഥാപിക്കുന്നതിനുള്ള കരാർ സ്മിത്ത്സ് ഡിറ്റക്ഷന് നൽകി. സുരക്ഷ വർധിപ്പിക്കുക, പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുക, യാത്രക്കാരുടെ ഒഴുക്ക് കാര്യക്ഷമമാക്കുക എന്നിവയാണ് ലക്ഷ്യം. ഈ അത്യാധുനിക സ്കാനറുകൾ ഉയർന്ന റെസല്യൂഷനുള്ള 3D ഇമേജിങ് നൽകുന്നു. ഇത് യാത്രക്കാർക്ക് അവരുടെ ബാഗുകൾക്കുള്ളിൽ ഇലക്ട്രോണിക്സും ദ്രാവകങ്ങളും സൂക്ഷിക്കാൻ സഹായകമാകുന്നു. പ്രോസസിങ് സമയം ഗണ്യമായി കുറയ്ക്കുകയും സൗകര്യം വർധിപ്പിക്കുകയും ചെയ്യുന്നു.