യാംബു: സൗദിയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വരെ മഴക്കും ഇടിമിന്നലിലും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടത്തരം മുതൽ കനത്ത മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം, പൊടിക്കാറ്റ്, മൂടൽ മഞ്ഞ് എന്നിവ ചില പ്രദേശങ്ങളിൽ ഉണ്ടാകുമെന്നും കേന്ദ്രം പ്രവചിച്ചു. ചില പ്രദേശങ്ങളിൽ പൊടിയും മണലും ഇളക്കിവിടുന്ന ചൂടുള്ള കാറ്റിനൊപ്പമായിരിക്കും ഇടിമിന്നലുണ്ടാവുക.

മഴയും ഇടിമിന്നലും ഉണ്ടാകുന്ന പ്രദേശങ്ങളിൽ സുരക്ഷ മുന്നൊരുക്കങ്ങൾ എടുക്കാനും അധികൃതർ നൽകുന്ന സുരക്ഷ നിർദേശങ്ങൾ പാലിക്കാനും ജാഗ്രത കാണിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പ്രദേശവാസികൾക്ക് മുന്നറിയിപ്പുകളും പുറപ്പെടുവിച്ചു.നജ്‌റാൻ, ജിസാൻ, അസീർ, അൽ ബഹ, മക്ക, മദീന എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ ഇടിമിന്നലോട് കൂടിയ മഴയും അതോടൊപ്പം ആലിപ്പഴവും പൊടിക്കാറ്റും ഉണ്ടാകുമെന്ന് കേന്ദ്രം പ്രവചിച്ചു.
കിഴക്കൻ പ്രവിശ്യ, റിയാദ്, ഹാഇൽ, അൽ ഖസീം എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. ഈ പ്രദേശങ്ങളിലെ തെക്കുപടിഞ്ഞാറൻ ഉയർന്ന പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തുവിട്ട കാലാവസ്ഥ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. താഴ്‌വരകൾ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മഴ പെയ്യുമ്പോൾ മാറി നിൽക്കണമെന്ന് പൊതുജനങ്ങളോട് ഡയറക്ടറേറ്റ് നിർദേശിച്ചിട്ടുണ്ട്.
പൊതു മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങൾ വഴിയും പ്രക്ഷേപണം ചെയ്യുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നിർദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കാനും അധികൃതർ ഓർമിപ്പിച്ചു. വടക്ക് പടിഞ്ഞാറ് മുതൽ വടക്ക് കിഴക്ക് വരെ ചെങ്കടലിന് മുകളിലൂടെയുള്ള കാറ്റിന്റെ വേഗത വരും ദിവസങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ആയിരിക്കും. അറേബ്യൻ ഗൾഫിൽ തെക്ക് കിഴക്ക് മുതൽ വടക്കുകിഴക്ക് വരെ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. ആ പ്രദേശത്ത് കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിച്ചിരുന്നു. തെക്കൻ ജിസാൻ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.അബു അരിഷ് ഗവർണറേറ്റിലെ സൻബയിൽ 35 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മക്ക, മദീന, അസീർ, നജ്‌റാൻ, അൽ ബഹ എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ മഴ ലഭിച്ചിരുന്നു.