
റിയാദ്: വൻ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2016-ല്‍ അടച്ചുപൂട്ടിയ സൗദിയിലെ പ്രമുഖ കരാര്‍ കമ്പനിയായിരുന്ന സൗദി ഓജര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാര്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ ബാക്കിയുള്ള അനുകൂല്യങ്ങള്‍ക്കായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു.

കമ്പനിയിലെ മുന്‍ ഇന്ത്യന്‍ ജീവനക്കാരുമായി ബന്ധപ്പെട്ട ആനുകൂല്യ കുടിശ്ശികകള്‍ വിതരണം ചെയ്യുന്നതിന് യൂസഫ് അബ്ദുള്‍റഹ്മാന്‍ അല്‍സൈ്വലമിനെ ചുമതലപ്പെടുത്തിയതായി എംബസി വ്യക്തമാക്കുന്നു.
ബാക്കിയുള്ള ആനുകൂല്യങ്ങൾ ലഭിക്കേണ്ട ഇന്ത്യക്കാര്‍ അവരുടെ മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, നിലവിലെ താമസ വിലാസം തുടങ്ങിയ വിവരങ്ങള്‍ സഹിതം https://ehqaq.sa/saudiogerreq/action/signup/lang/en എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി ആവശ്യപ്പെടുന്നു.
3,500 മലയാളികള്‍ ഉള്‍പ്പെടെ ഏകദേശം 10,000ത്തോളം ഇന്ത്യക്കാര്‍ സൗദി ഓജര്‍ കമ്പനിയില്‍ ജോലിചെയ്തിരുന്നതായാണ് കണക്ക്. സാമ്പത്തിക തകര്‍ച്ച കാരണം കമ്പനി അടച്ചുപൂട്ടിയപ്പോള്‍ തൊഴിലാളികള്‍ക്ക് 10 മാസത്തെ ശമ്പള കുടിശ്ശികയും നിരവധി വർഷങ്ങളുടെ സർവീസ് ആനുകൂല്യവും ലഭിക്കാനുണ്ടായിരുന്നു
ലെബനന്റെ മുൻ പ്രധാനമന്ത്രിയും പ്രമുഖ വ്യവസായിയും ആയിരുന്ന റഫീഖ് ഹരീരിയുടെ കുടുംബം ആയിരുന്നു സൗദി ഓജർ കംബനിയുടെ ഉടമസ്ഥർ. 2005-ൽ ബെയ്റൂട്ടിലുണ്ടായ ഒരു സ്ഫോടനത്തിൽ റഫീഖ് ഹരീരി കൊല്ലപ്പെട്ടു.