അബൂദാബി– ഭക്ഷ്യസുരക്ഷാ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് അബൂദാബിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി. അൽ ഐനിലെ അൽ വഹാ അൽ അമീറയിലുള്ള താജ് അൽ സുമുർദ റെസ്റ്റോറന്റിനെതിരെയാണ് നടപടി.

അബൂദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി (ADAFSA) യാണ് നടപടിക്ക് ഉത്തരവിട്ടത്. 2008-ലെ ഭക്ഷ്യനിയമം (നമ്പർ 2) ലംഘിച്ചതിനും പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തിയതിനുമാണ് നടപടി.
റെസ്റ്റോറന്റ് ആവർത്തിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്തതായി എ.ഡി.എ.എഫ്.എസ്.എ-യുടെ(ADAFSA) ഭക്ഷ്യനിയന്ത്രണ റിപ്പോർട്ട് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയും ഉപഭോക്തൃ ആരോഗ്യവും സംരക്ഷിക്കാൻ ഈ നടപടി അനിവാര്യമായിരുന്നുവെന്ന് അതോറിറ്റി പറഞ്ഞു.
ലംഘനങ്ങൾ പരിഹരിക്കുന്നതുവരെ അടച്ചുപൂട്ടൽ തുടരും. എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പൂർണമായി പാലിച്ചതിന് ശേഷം മാത്രമേ റെസ്റ്റോറന്റിന് വീണ്ടും പ്രവർത്തിക്കാൻ അനുമതി ലഭിക്കൂ.
അബുദാബിയിലെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് എ.ഡി.എ.എഫ്.എസ്.എ (ADAFSA) ചൂണ്ടിക്കാട്ടി. എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും പതിവായി പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്. ഭക്ഷ്യസ്ഥാപനങ്ങളിലോ ഉൽപ്പന്നങ്ങളിലോ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 800555 എന്ന അബൂദാബി സർക്കാർ ടോൾ-ഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.