
ജിദ്ദ ∙ നോർത്ത് അബ്ഹോറിലെ ലുലു ബീച്ച് ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് ജിദ്ദ നഗരസഭ പ്രഖ്യാപിച്ചു. സന്ദർശകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് സമഗ്രമായ വികസന-നവീകരണ പ്രവർത്തനങ്ങൾ നടത്താനാണ് ഈ തീരുമാനം. ബീച്ചിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നീന്തൽ മേഖലകൾ ഒരുക്കാനും ലക്ഷ്യമിട്ടുള്ള ജിദ്ദ നഗരസഭയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.

ലുലു ബീച്ച് അടച്ചിടുന്ന കാലയളവിൽ, തണൽ കുടകൾ, കസേരകൾ, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ജിദ്ദയിലെ മറ്റ് ബീച്ചുകൾ തുറന്നിട്ടുണ്ട്. ഈ ബീച്ചുകളിൽ സൗദി ഫെഡറേഷൻ ഫോർ ലൈഫ്‌സേവിംഗ് ആൻഡ് വാട്ടർ സേഫ്റ്റി സാക്ഷ്യപ്പെടുത്തിയ ലൈഫ്‌ഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്.
സമീപ വര്‍ഷങ്ങളില്‍ ജിദ്ദയിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ലുലു ബീച്ച്. പാർക്കിംഗ്, ലൈഫ്‌ഗാർഡ് സ്റ്റേഷനുകൾ, പ്രത്യേക ബോട്ടുകൾ, നടപ്പാതകൾ എന്നിവ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ ബീച്ച് വികസിപ്പിച്ചിട്ടുണ്ട്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ലൈഫ്‌ഗാർഡുകളുടെയും നിരീക്ഷകരുടെയും സേവനം ലഭ്യമാണ്.