കുവൈത്ത് സിറ്റി – കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലെ ആറു ഗവര്‍ണറേറ്റുകളിലും സുരക്ഷാ വകുപ്പുകള്‍ നടത്തിയ വ്യാപകമായ റെയ്ഡുകളില്‍ 258 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചവരും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചിരുന്ന കുറ്റവാളികളുമാണ് പിടിയിലായത്.

കാലഹരണപ്പെട്ട റെസിഡന്‍സി പെര്‍മിറ്റ്, വിസാ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തങ്ങല്‍, തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടല്‍, മറ്റു നിയമ ലംഘനങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങളാണ് റെയ്ഡുകള്‍ക്കിടെ കണ്ടെത്തിയത്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസുഫ് അല്‍സ്വബാഹിന്റെ നിര്‍ദേശാനുസരണം സിറ്റിസണ്‍ഷിപ്പ് ആന്റ് റെസിഡന്‍സി സെക്ടര്‍ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഫവാസ് അല്‍റൂമിയുടെ മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ നടത്തിയത്.
കഴിഞ്ഞ ആഴ്ച വിഷമദ്യം കഴിച്ച് കുവൈത്തില്‍ 23 പേര്‍ മരണപ്പെടുകയും 160 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന് ഇടയാക്കിയ വിഷമദ്യം നിർമിച്ച് വില്‍പന നടത്തിയ സംഘത്തെയും രാജ്യത്ത് വ്യാജമദ്യ നിര്‍മാണ, വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ചവരെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യക്കാര്‍ അടക്കം ആകെ 67 പേരാണ് അറസ്റ്റിലായത്.